കൊല്ലം: ഉത്രക്കൊലക്കേസിൽ ഭർത്താവ് സൂരജിനെ രണ്ടാം തവണയും അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താൻ ആദ്യം പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ചാക്ക് ക്രൈം ബ്രാഞ്ച് സംഘം കണ്ടെടുത്തു. ഇതിന് പുറമേ സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ഉത്രയെ സൂരജിന്റെ വീട്ടിൽ ആദ്യ തവണ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് പ്രതി സൂരജിനെ ക്രൈംബ്രാഞ്ച് സംഘം അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഉത്രയുടെ സ്വർണം ഉപയോഗിച്ചാണ് സുരേന്ദ്രപ്പണിക്കർ ഉപയോഗിച്ചിരുന്ന വാഹനം വാങ്ങിയത്. അതാണ് വാഹനം കസ്റ്റഡിയിലെടുക്കാൻ കാരണം. സൂരജ് സ്വർണാഭരണം വിൽപ്പന നടത്തിയതായി കരുതുന്ന, അടൂരിലെ ജൂവലറിയിലും സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.