ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയടക്കമുള്ള പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി പ്രശസ്ത അമേരിക്കൻ ബ്ലോഗർ സിന്തിയ ഡി.റിച്ചി.
പി.പി.പിയുടെ പ്രമുഖ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന റഹ്മാൻ മാലിക് 2011ൽ മന്ത്രിയായിരുന്ന കാലയളവിൽ പാനീയത്തിൽ മയക്കു മരുന്ന് നൽകി തന്നെ പീഡനത്തിരയാക്കിയെന്നും, ഒപ്പം മുൻ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും മുൻ ആരോഗ്യ മന്ത്രി മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമബാദിലെ പ്രസിഡന്റിന്റെ വസതിയിൽ വെച്ച് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സിന്തിയ ആരോപിച്ചു. ആസിഫ് അലി സർദാരിയായിരുന്നു അക്കാലത്ത് പ്രസിഡന്റ്. പാകിസ്ഥാനിൽ താമസിക്കുന്ന സിന്തിയ ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
'തെളിവുകൾ ഇപ്പോഴും എന്റെ പക്കലുണ്ട്. അടുത്ത ആഴ്ച തന്നെ ഇത് പുറത്തുവിടും. ഒരു പത്രപ്രവർത്തകന് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കൈമാറാൻ പോവുകയാണ്." - സിന്തിയ പറഞ്ഞു. സിന്തിയയുടെ ആരോപണങ്ങൾക്കെതിരെ പി.പി.പി നേതൃത്വമോ ആരോപണവിധേയരായ നേതാക്കളോ പ്രതികരിച്ചിട്ടില്ല.
മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയും അവരുടെ ഭർത്താവും മുന്‍ പ്രസിഡന്റുമായ ആസിഫ് അലി സർദാരിയും തമ്മിലുള്ള ദാമ്പത്യ ജീവിതം സംബന്ധിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സിന്തിയയ്ക്കെതിരെ പി.പി.പി പെഷാവർ ജില്ലാ പ്രസിഡന്റ് സുൽഫിക്കർ അഫ്ഗാനി കഴിഞ്ഞ ആഴ്ച ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസിക്ക് പരാതി നൽകിയിരുന്നു.
പി.പി.പി നേതാക്കാൾ മദ്യപിക്കുന്നതും സ്ത്രീകൾക്കൊപ്പം നൃത്തമാടുന്നതും ചൂതാട്ടം നടത്തുന്നതുമായ ചിത്രങ്ങളും സിന്തിയ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.