viswasanrthi-foundation

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷൻ നൽകിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.പൊലീസ് ആസ്ഥാനത്തുവച്ചാണ് പ്രതിരോധ ഉപകരണങ്ങൾ കൈമാറിയത്.

ഫീൽഡ് ഡ്യൂട്ടിയിലുളള പൊലീസ് ഉദ്യോഗസ്ഥർക്കായി ഫേസ് ഷീൽഡ്, മാസ്ക്, ഗ്ലൗസ്, റെയിൻകോട്ട് എന്നിവയുൾപ്പെടുന്ന 600 കിറ്റുകളാണ് കൈമാറിയത്. 2000 കിറ്റുകൾ ഇനിയുള്ള ദിവസങ്ങളിൽ നൽകുമെന്ന് വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഡയറക്ടർ മേജർ രവി പറഞ്ഞു. എ.ഡി.ജി.പിമാരായ ഡോ. ഷേക്ക് ദർബേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനിടെ മോഹൻലാൽ ടെലിഫോൺ മുഖാന്തിരം സംസ്ഥാനപൊലീസ് മേധാവിയുമായി സംസാരിച്ചു. വിശ്വശാന്തി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർമാരായ മേജർ രവി, സജി സോമൻ എന്നിവരാണ് പ്രതിരോധ ഉപകരണങ്ങൾ കൈമാറാനെത്തിയത്. വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷൻ തൊടുപുഴ മുതൽ പാലക്കാട് വരെ റോഡരികിൽ കൊവിഡ് പ്രതിരോധ ഡ്യൂട്ടിയിലേർപ്പെട്ടിരുന്ന പൊലീസുകാർക്ക് ശീതളപാനീയവും വിതരണം ചെയ്തിരുന്നു.