-police-

വാഷിംഗ്ടൺ: പൊലീസിന്റെ ക്രൂരമർദ്ദനത്തിൽ കൊല്ലപ്പെട്ട ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന്റെ ഓർമ്മകൾക്ക് മുന്നിൽ 8 മിനിറ്റ് 46 സെക്കൻഡ് മുട്ടുകുത്തി, മൗനം ആചരിച്ച് അമേരിക്കൻ ജനത. ഫ്ളോയിഡിന്റെ സംസ്‌കാര ചടങ്ങുകൾ നടന്ന വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യു.എസിലെ വിവിധ ഇടങ്ങളിൽ ഒത്തുചേർന്ന് ജനക്കൂട്ടം വിടചൊല്ലി.

അമേരിക്കൻ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ 8 മിനിറ്റ് 46 സെക്കൻഡ് നേരത്തോളം ജോർജ് ഫ്ളോയിഡ് ശ്വാസത്തിന് വേണ്ടി മല്ലിട്ടതിന്റെ ഓർമ്മയ്ക്കായാണ് ഇത്രയും സമയം ജനങ്ങൾ മൗനം ആചരിച്ചത്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ഫ്‌ളോയിഡിന്റെ അവസാന വാക്കുകൾ മുഴക്കി ഒരു രാജ്യം മുഴുവൻ ഐക്യത്തോടെ ഫ്ളോയിഡിന് അനുശോചനം രേഖപ്പെടുത്തി.

ഈ യാത്രാമൊഴിയോടെ, 8 മിനിറ്റ് 46 സെക്കൻഡ് സമയം വർണ വിവേചനത്തിനെതിരായ പ്രതിഷേധചരിത്രത്തിന്റെ ഭാഗമായി.

മിനിയാപോളിസിൽ എത്തിയ നൂറു കണക്കിന് ആളുകൾ എട്ട് മിനിറ്റ് സമയം നിലത്ത് കിടന്നായിരുന്നു ഫ്ളോയിഡിന് അനുശോചനമറിയിച്ചത്. ഫ്ളോയിഡിന് നീതി കിട്ടണമെന്നും ഇത്തരം അടിച്ചമർത്തലുകൾക്കിടിയിൽ തങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്നും അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

വിവിധ ഇടങ്ങളിൽ ജനങ്ങൾക്കൊപ്പം ഒരു കാലിൽ മുട്ടുകുത്തി ഇരുന്ന് പൊലീസ് ഉദ്യോഗസ്ഥരും എട്ട് മിനിറ്റ് ഫ്ളോയിഡിന്റെ ഓർമയ്ക്ക് മുന്നിൽ തലകുനിച്ചു.

ഫ്രാൻസിസ് മാർപാപ്പയും

അമേരിക്കയിൽ നടക്കുന്ന പ്രതിഷേധം നീതിയ്ക്ക് വേണ്ടിയാണെന്ന് വിശ്വസിച്ച് അതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച ടെക്സാസിലെ എൽ പാസോയിലെ കാത്തോലിക്ക ബിഷപ്പ് മാർക്ക് സ്രെയിസിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാ‌ർപാപ്പ.
'ബ്ലാക്ക് ലൈവ്സ് മാറ്റർ" എന്ന ബാനർ പിടിച്ചുകൊണ്ട് 12 പുരോഹിതരോടൊപ്പം കൊവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിച്ചാണ് ബിഷപ്പ് എട്ടു മിനിറ്റിലധികം മുട്ട് കുത്തി നിന്നത്. ജോർജ്ജ് ഫ്ളോയിഡിന് വേണ്ടി പ്രാർത്ഥിച്ചു. രണ്ട് ദിവസം കഴിഞ്ഞ് വത്തിക്കാനിൽനിന്ന് ഫ്രാൻസിസ് മാർപാപ്പയായിരുന്നു ഫോൺ ചെയ്തു. ഞെട്ടൽ വിട്ടുമാറാതെ നിന്ന ബിഷപ്പിനോട്, മാർപാപ്പ പറഞ്ഞു.

ഫ്ളോയിഡിന്റെ മരണത്തോട് കാണിച്ച ആദരവിന് നന്ദി'.
'എവിടെയൊക്കെയാണോ മനുഷ്യന്റെ തൊലിയുടെ നിറത്തിന്റെ തീരുമാനങ്ങൾ എടുക്കപ്പെടുന്നത് അതൊക്കെയും മാറണം. നിയമപാലനമായാലും ബിസിനസ് ആയാലും അത്തരം വംശീയ മുൻവിധികൾ മാറണം. വിശുദ്ധ പിതാവും അതിന് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്.'-.' -ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രാർത്ഥനയ്ക്കിടയിൽവംശീയതയുടെ പാപം കൊണ്ട് ജീവൻ നഷ്ടപ്പെട്ട ഫ്ളോയിഡിനും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് മാർപാപ്പ പറഞ്ഞിരുന്നു. ആളുകളുടെ പേരെടുത്ത് പറഞ്ഞ് മാർപാപ്പ പ്രസംഗിക്കുന്നത് അപൂർവമാണ്.

പ്രതിഷേധം ശക്തം

ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്ത വംശജനെ പൊലീസ് കാൽമുട്ട് കഴുത്തിൽ അമർത്തി കൊലപ്പെടുത്തിയതിനെതുടർന്നുള്ള പ്രതിഷേധം അമേരിക്കയിൽ 10 ദിവസം പിന്നിട്ടിട്ടും അതി ശക്തമായി തുടരുകയാണ്. അമേരിക്കയിൽ പതിറ്റാണ്ടുകളായി തുടരുന്ന വംശീയ വിവേചനത്തിനെതിരായ പ്രതിഷേധമാണിത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്ക കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി ഇത് മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമരത്തെ പട്ടാളത്തെ ഇറക്കി നേരിടുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഭരണകൂടത്തിൽനിന്ന് തന്നെ എതിർപ്പുകൾ ഉയരുകയും ചെയ്തു. പ്രക്ഷോഭത്തിൽ സാമൂഹ്യ നീതിയിൽ വിശ്വസിക്കുന്ന നിരവധി വെള്ളക്കാരും പങ്കെടുക്കുന്നുണ്ട്