siphonophores

കാൻബറ : ലോകത്തെ ഏറ്റവും നീളം കൂടിയ ജീവി ഏതാണ്. ? കേൾക്കുമ്പോൾ നീല തിമിംഗലത്തെയും ജയന്റ് സ്ക്വിഡിനെയുമൊക്കെയാണ് മനസിൽ വരിക. വലിപ്പത്തിന്റെ കാര്യത്തിൽ നീല തിമിംഗലത്തെ വെല്ലാനാകില്ലെങ്കിലും നീളത്തിന്റെ കാര്യത്തിൽ നീലത്തിമിംഗലത്തെയും കടത്തിവെട്ടുന്നത് മറ്റൊരു ജീവിയാണ്. പലർക്കും ഒരുപക്ഷേ ആളെ പറ്റി അത്ര കേട്ടുകേൾവി കാണില്ല. അടുത്തിടെ പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്ത് സമുദ്ര ഗവേഷണത്തിലേർപ്പെട്ടിരുന്ന ഗവേഷകരുടെ കാമറക്കണ്ണുകളിൽ ഞെട്ടിക്കുന്ന ഒരു ദൃശ്യം പതിഞ്ഞു. 100 അടിയിലേറെ നീളമുള്ള ഒരു കൂറ്റൻ ' സിഫനോഫോർ ' ആയിരുന്നു അത്. 170 ലേറെ സ്പീഷിസുകളുള്ള സർപ്പിളാകൃതിയോട് കൂടിയ സാധാരണ സാമാന്യം നീളം കൂടിയ കടൽ ജീവികളാണ് സിഫനോഫോറുകൾ.

ഇന്നേ വരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ സിഫനോഫോറിനെയായിരുന്നു ഗവേഷകർ കണ്ടെത്തിയത്. ഏകദേശം 49 അടി വീതിയുണ്ടായിരുന്ന സിഫനോഫോറിന്റെ വളയാകൃതിയിലുള്ള ശരീരഭാഗത്തിന്റെ നീളം 154 അടിയായിരുന്നു. ! ഗവേഷകരുടെ കണ്ടെത്തൽ ശരിയെങ്കിൽ കടലിലെ ഏറ്റവും വലിയ ജീവിയായ നീല തിമിംഗലത്തിന്റെ നീളത്തേക്കാൾ 50 അടി കൂടുതലായിരുന്നു ആ സിഫനോഫോറിന്. അതായത്, ലോകത്തെ ഏറ്റവും നീളം കൂടിയ ജീവി എന്ന റെക്കോർഡിന് ഉടമ.

സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന സിഫനോഫോറുകൾ ഹൈഡ്രോയിഡുകൾ, ജെല്ലി ഫിഷ് തുടങ്ങിയവയുമായി ബന്ധമുള്ളവയാണ്. ചെറിയ മത്സ്യങ്ങൾ, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയാണ് ഇക്കൂട്ടരുടെ പ്രധാന ഭക്ഷണം. ശരിക്കും സിഫനോഫോറുകൾക്ക് ഒരൊറ്റ ജീവിയല്ല. ! നിരവിധി ചെറിയ ക്ലോൺ രൂപാന്തരങ്ങളുടെ ഒരു കോളനി ചേർന്ന് ഒരു സിഫനോഫോർ രൂപപ്പെടുന്നത്. സൂയിഡുകൾ എന്നാണ് ഈ ചെറു ക്ലോണുകൾ അറിയപ്പെടുന്നത്. എല്ലാ ക്ലോണുകളും ഒരേ പോലെയുള്ളവയും ഒരേ ഡി.എൻ.എയോട് കൂടിയവയുമാണ്. ഈ സൂയിഡുകൾ നിരനിരയായി വിന്യസിക്കുന്നതാണ് നീണ്ട ചരട് പോലെ സിഫനോഫോറുകൾ കാണപ്പെടുന്നത്.

കടലിനടിയിൽ 2070 അടി താഴ്ചയിലാണ് നീളം കൂടിയ സിഫനോഫോറിനെ ഗവേഷകർ കണ്ടെത്തിയത്. ഗവേഷകരുടെ കണ്ണിൽപ്പെട്ട ഈ കൂറ്റൻ സിഫനോഫോറിന്റെ നീളം ഇപ്പോഴും ശരിക്കും തിട്ടപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മൊത്തത്തിൽ ഈ സിഫനോഫോറിന് ഏകദേശം 390 അടി നീളം വരുമെന്നാണ് ഗവേഷകരുടെ കണക്ക് കൂട്ടൽ. ചുറ്റിത്തിരിഞ്ഞ് ന്യൂഡിൽസ് പോലെ കാണപ്പെട്ട ഈ സിഫനോഫിന് ഏതായാലും ഒരു ഹംപ്ബാക്ക് തിമിംഗലത്തെക്കാൾ മൂന്നിരട്ടി നീളവും സാധാരണ നീല തിമിംഗലത്തെക്കാൾ രണ്ടിരട്ടി നീളവുമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഈ കൂറ്റൻ സിഫനോഫോറിനെ കൂടാതെ 30 പുതിയ ഇനം സ്പീഷീസിലെ കടൽജീവികളെയും ഗവേഷകർ കണ്ടെത്തിയിരുന്നു. ഹൈടെക് വെസൽ, ആർ.ഒ.വി ( റിമോർട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ ), പ്രത്യേക ക്യാമറകൾ തുടങ്ങിയവയുടെ സഹായത്തോടെ കടലിനടിയിൽ 14,500 അടിയോളം താഴ്ചയിൽ നടത്തിയ ഗവേഷണത്തിനിടെയാണ് വിലപ്പെട്ട ഈ കണ്ടെത്തലുകൾ സംഭവിച്ചിരിക്കുന്നത്.