ലോകത്തെ ആകെമാനം ഭീതിയിലാഴ്ത്തി അടക്കി വാഴുകയാണ് കൊവിഡ്. ഇവയെ തുരത്തുന്നതിനായുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടന്ന് വരികയാണ്. കൊവിഡ് മുക്തി നേടിയാലും സാധാരണ ജീവിതത്തിലേക്ക് സാവധാനമേ മടങ്ങാൻ കഴിയു എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കൊവിഡിനെ തുരത്താനൊരുങ്ങി കാർ നിർമാതാക്കളായ മാരുതി സുസുക്കിയും. സീറ്റ് കവർ, മ്യൂസിക് സിസ്റ്റം പോലുള്ള പതിവ് എക്സ്ട്രാ ഫിറ്റിങ്ങുകൾക്ക് പകരം ഉപഭോക്താക്കളുടെ സുരക്ഷ മുൻനിറുത്തി ഒരു പിടി അക്സസ്സറികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യത്തിനും ശുചിത്വത്തിനും മുൻഗണന കൊടുക്കേണ്ട ഈ കാലത്ത് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് പുത്തൻ ആക്സസറി ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്.മാത്രമല്ല,10 രൂപ മുതൽ 650 രൂപാനിരക്കിലാണ് ഹെൽത്ത് & ഹൈജീൻ എന്ന് മാരുതി പേരിട്ടിരിക്കുന്ന പുത്തൻ ശ്രേണിയിലുള്ളത്.
സ്വകാര്യ കാർ ഉടമകളേക്കാൾ ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്കാണ് പുത്തൻ ആക്സസറി ശ്രേണി കൂടുതൽ ഉപയോഗപ്രദം.പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്, കാർ കെയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് അക്സസറികൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് പ്ലൈ-ഫേസ് മാസ്ക്, ഹാൻഡ് ഗ്ലോവ്സ്, ഡിസ്പോസിബിൾ ഷൂ കവർ, ഫേസ് വൈസർ, ഡിസ്പോസിബിൾ ഐ ഗിയർ തുടങ്ങിയവയാണ് പുത്തൻ സുരക്ഷാ അക്സസ്സറി ശ്രേണി. കൂട്ടത്തിൽ ഏറ്റവും രസകരം മുൻ നിര യാത്രക്കാർക്കും പിൻ നിര യാത്രക്കാർക്കും നടുവിൽ സ്ഥാപിക്കാൻ പറ്റുന്ന പ്ലാസ്റ്റിക് കവർ പാർട്ടിഷൻ ആണ്, 649 രൂപയാണ് ഇതിന്റെ വില. ആൾട്ടോ, സെലേറിയോ, ഡിസയർ, എസ്-ക്രോസ്സ്, റിറ്റ്സ്, എർട്ടിഗ, തുടങ്ങി ഒട്ടുമിക്ക മാരുതി സുസുക്കി കാറുകളിലും ഈ പാർട്ടീഷൻ സ്ഥാപിക്കാനാകും.