pakis

കറാച്ചി: കൊവിഡ് രോഗബാധയുടെ ദുരിതം അനുഭവിച്ച് വരുന്നതിനിടെ പാകിസ്ഥാനിലെ ജനങ്ങൾക്ക് കൂടുതൽ ദുരിതമായി പെട്രോൾ ഡീസൽ ലഭ്യത കുറവും. സ്റ്റോക്ക് കുറവായതിനാൽ പെട്രോൾ-ഡീസൽ വിലയുടെ മൂന്ന് നാലിരട്ടി വരെയാണ് പമ്പുകൾ ജനങ്ങളിൽ നിന്നും വാങ്ങുന്നത്. പമ്പുകൾക്ക് സമീപമുള്ള പെരുമ്പാമ്പിനെ പോലെ നീണ്ട വാഹന ക്യൂ പാകിസ്ഥാനിലെ മുഖ്യ നഗരങ്ങളായ കറാച്ചി, ലാഹോർ, ക്വെറ്റ,പെഷവാർ എന്നിവിടങ്ങളിലെല്ലാം കാണുന്നുണ്ട്. ഇവിടങ്ങളിൽ സ്ഥിതി ഗുരുതരമാണ്. വരും ദിവസങ്ങളിൽ സ്ഥിതി വീണ്ടും മോശമാകുമെന്നാണ് ലഭിക്കുന്ന സൂചന. ആഴ്ചാവസാനത്തോടെ നിലവിലെ സ്റ്രോക്ക് മുഴുവൻ തീരുമെന്ന് പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.

സ്ഥിതി വഷളാകാൻ കാരണം എണ്ണ വിതരണ കമ്പനികളാണെന്ന് പാകിസ്ഥാൻ സർക്കാർ കുറ്റപ്പെടുത്തി. എന്നാൽ സർക്കാരിന്റെ പെട്രോളിയം ഡിവിഷന്റെ അധികാരിയായ ഡയറക്ടർ ജനറലാണ് പ്രശ്നത്തിന് കാരണമെന്ന് കമ്പനികളും തിരികെ കുറ്റപ്പെടുത്തുന്നു. എന്നാൽ കൊവിഡ് രോഗബാധ തുടങ്ങിയ സമയത്ത് പാകിസ്ഥാൻ സർക്കാർ‌ എണ്ണ ഇറക്കുമതി വേണ്ടെന്ന് വച്ചതും ചിലവയുടെ പ്രവർത്തനം പുനക്രമീകരിച്ചതുമാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്നും ആരോപണമുണ്ട്. എന്നാൽ 2,72,000 ടൺ പെട്രോളും 3,76,000 ടൺ ഡീസലും നിലവിൽ സ്റ്റോക്കുണ്ടെന്നും ഇവ 12ഉം 17ഉം ദിവസത്തേക്ക് മതിയാകുമെന്ന് രാജ്യത്തെ പെട്രോളിയം വിഭാഗം അറിയിച്ചു.