ന്യൂഡൽഹി:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ഇന്ത്യ ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ താത്കാലിക അംഗമാകാൻ കളമൊരുങ്ങി. യു.എൻ പൊതുസഭയിൽ ഈ മാസം 17ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏഷ്യ - പസിഫിക് ഗ്രൂപ്പിന്റെ പ്രതിനിധിയായി ഇന്ത്യ മാത്രമാണുള്ളത്.
എട്ടാം തവണയാണ് ഇന്ത്യ താത്കാലിക അംഗമാകുന്നത്. അതും പത്ത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം. 2011- 12 ലാണ് അവസാനം ഈ പദവി വഹിച്ചത്. രണ്ട് വർഷമാണ് താത്കാലിക അംഗങ്ങളുടെ കാലാവധി. 2021 ജനുവരി മുതലായിരിക്കും ഇന്ത്യയുടെ കാലാവധി.
രക്ഷാസമിതിയിലെ പത്ത് താത്കാലിക അംഗങ്ങളിൽ കാലാവധി കഴിയുന്ന അഞ്ച് ഒഴിവിലേക്കാണ് വോട്ടെടുപ്പ്.
രക്ഷാസമിതി അഴിച്ചുപണിയണമെന്നും സ്ഥിരാംഗത്വം വേണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് വീണ്ടും താത്കാലികാംഗമാകുന്നത്.
ആഗോള ഭീകരപ്രവർത്തനം, രക്ഷാസമിതി പരിഷ്‌കാരവും വിപുലീകരണവും, യു.എൻ സമാധാന ദൗത്യങ്ങൾ, ആധുനിക സാങ്കേതിക വിദ്യകളുടെ പ്രചാരം തുടങ്ങിയവയായിരിക്കും പുതിയ ടേമിൽ ഇന്ത്യ മുൻതൂക്കം നൽകുന്ന വിഷയങ്ങളെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. പ്രചാരണത്തിനുള്ള ഒരു ബ്രോഷറും അദ്ദേഹം പുറത്തിറക്കി.
തിരഞ്ഞെടുക്കപ്പെട്ടാൽ നടപ്പാക്കേണ്ട വിഷയങ്ങളെ നോംമ്‌സ് (എൻ.ഒ.ആർ.എം.എസ് ) : എ ന്യൂ ഓറിയേന്റേഷൻ ഫോർ എ റിഫോംഡ് മൾട്ടിലാറ്ററൽ സിസ്റ്റം) എന്ന പേരിലാണിത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച സമ്മാൻ (ബഹുമാനം), സംവാദ് (സംവാദം), സഹ്‌യോഗ് (സഹകരണം), ശാന്തി (സമാധാനം), സമൃദ്ധി (വികസനം) എന്നീ അഞ്ച് കാര്യങ്ങൾക്കും ഇന്ത്യ പ്രധാന്യം നൽകുമെന്നും ജയശങ്കർ പറഞ്ഞു.
2013ൽ തുടങ്ങിയ ശ്രമം
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ 2021ൽ രക്ഷാസമിതിയിലെ താത്കാലിക അംഗത്വം ലക്ഷ്യമിട്ട് 2013ൽ തന്നെ കേന്ദ്രഗവൺമെന്റ് പ്രചാരണം തുടങ്ങിയിരുന്നു. ഇന്ത്യയുടെ താത്പര്യം അറിഞ്ഞ് അഫ്ഗാനിസ്ഥാൻ 2020-21ലെ മത്സരത്തിൽ നിന്ന് മാറിക്കൊടുക്കുകയായിരുന്നു. അടുത്ത വെല്ലുവിളി ഏഷ്യാ പസിഫിക് ഗ്രൂപ്പിന്റെ നോമിനേഷൻ നേടുകയായിരുന്നു. നയതന്ത്ര നീക്കങ്ങളിലൂടെ ചൈനയും പാകിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പിലെ 55 അംഗരാഷ്‌ട്രങ്ങളുടെ പിന്തുണ കഴിഞ്ഞ വർഷം ജൂണിൽ തന്നെ ഇന്ത്യ ഉറപ്പാക്കിയിരുന്നു. എങ്കിലും ജയിക്കാൻ ജനറൽ അസംബ്ലിയിലെ 193 അംഗങ്ങളുടെ മൂന്നിൽ രണ്ട് പിന്തുണ കിട്ടണം - 129 വോട്ട്. 2011 - 12ൽ പോൾ ചെയ്‌ത 190 വോട്ടിൽ 187 വോട്ടും നേടിയാണ് ഇന്ത്യ വിജയിച്ചത്. ഇത്തവണയും 129 വോട്ട് കിട്ടാൻ ഇന്ത്യയ്‌ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ ചൈനയുമായും പാകിസ്ഥാനുമായുമുള്ള സംഘർഷങ്ങൾ രൂക്ഷമായതും, കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും പൗരത്വ ഭേദഗതി നിയമവും ടർക്കി, മലേഷ്യ, ഒ.ഐ.സി രാഷ്‌ട്രങ്ങൾ എന്നിവയുടെ എതിർപ്പിനിടയാക്കിയതും യു.എൻ വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയുണ്ട്. അതേസമയം,കർക്കശമായ ഭീകരവിരുദ്ധ നിലപാട്, കൊവിഡ് പ്രതിരോധം തുടങ്ങി പല മേഖലകളിലും ഇന്ത്യയ്‌ക്ക് ലോക രാജ്യങ്ങളുടെ പിന്തുണയുമുണ്ട്.