ചണ്ഡീഗഡ്: സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച ബി.ജെ.പിയുടെ വനിതാ നേതാവ് സൊനാലി ഫൊഗാട്ട് വിവാദത്തിൽ. ഹരിയാനയിലെ ഹിസാറിലെ ബൽസാമന്ദ് മാർക്കറ്റ് കമ്മിറ്റി സെക്രട്ടറി സുൽത്താൻ സിംഗിനെയാണ് സൊനാലി ഉപദ്രവിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ സൊനാലിയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
വെള്ളിയാഴ്ച സൊനാലി ബൽസാമന്ദ് മാർക്കറ്റ് സന്ദർശിക്കുന്നതിനിടെ കർഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച് ഇരുവരും തമ്മിൽ തർക്കമായി. പിന്നീട്, പ്രകോപിതയായ ഫൊഗാട്ട് സുൽത്താനെ ആക്രമിക്കുകയായിരുന്നു. വീഡിയോയിൽ,നിങ്ങളെ പോലെയുള്ളവരിൽ നിന്നുള്ള അധിക്ഷേപം സഹിച്ചാണോ ഞാൻ പ്രവർത്തിക്കേണ്ടത്? മാന്യമായ ജീവിതം നയിക്കാൻ എനിക്ക് അവകാശമില്ലേ. നിങ്ങൾക്ക് ജീവിച്ചിരിക്കാൻ ഒരു തരത്തിലും അർഹതയില്ല' എന്ന് ഫൊഗാട്ട് സുൽത്താനോട് പറയുന്നത് വ്യക്തമായി കേൾക്കാം. സംഭവം നടക്കുമ്പോൾ പൊലീസുൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല.
ഫൊഗാട്ടിനെതിരെ സുൽത്താന്റെ പരാതി ലഭിച്ചതായി ഹിസാർ പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംസാരത്തിനിടെ സുൽത്താൻ തനിക്കെതിരെ സഭ്യതയില്ലാത്ത വാക്കുകൾ ഉപയോഗിച്ചത് മൂലമാണ് അടിച്ചതെന്ന് ഫൊഗാട്ട് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പിന്നീട് ഫൊഗാട്ട് ഖേദം പ്രകടിപ്പിച്ചു. ടിക് ടോക്ക് താരമായ ഫൊഗാട്ട് 2019 ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദംപുരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.