cinema

മുംബയ് : കൊവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ആദ്യകാല ബോളിവുഡ് നിർമാതാവ് അനിൽ സുരി അന്തരിച്ചു. 77 വയസായിരുന്നു. കർമയോഗി, രാജ് തിലക്ക് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. ജൂൺ 2ന് പനി ബാധി അനിൽ സുരിയ്ക്ക് അടുത്ത ദിവസം മുതൽ കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില വഷളായതോടെ മുംബയ് ലീലാവതി ആശുപത്രിയിലും ഹിന്ദുജ ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടിടത്തും ചികിത്സ നിഷേധിച്ചതായി സഹോദരനും ചലച്ചിത്ര നിർമാതാവുമായ രാജീവ് സുരി ആരോപിച്ചു.

ബുധനാഴ്ച മുംബയ് അഡ്വാൻ‌സ്‌ഡ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അനിലിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് 7 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അനിൽ സുരിയ്ക്ക് കൊവിഡ് ബാധിച്ചിരുന്ന കാര്യം രാജീവ് സുരിയാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഏറ്റവും അടുത്ത നാല് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അനിൽ സുരിയുടെ സംസ്കാരം കഴിഞ്ഞ ദിവസം മുംബയ് ഓഷിവാരയിൽ നടന്നു.