asset-homes

കൊച്ചി: കൊവിഡാനന്തര കാലഘട്ടത്തിലെ പുത്തൻ മാതൃകകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകണമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ഡോ.വി.കെ. വിജയകുമാർ പറഞ്ഞു. ലോക പരിസ്ഥിതിദിനം പ്രമാണിച്ച് അസറ്റ് ഹോംസ് ഓൺലൈനായി സംഘടിപ്പിച്ച 'ബിയോണ്ട് സ്‌ക്വയർഫീറ്ര്" പ്രഭാഷണപരിപാടിയിൽ 'സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതിയും" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി കമ്പനിയായ ടി.സി.എസ് മുന്നോട്ടുവച്ച ആശയം ശ്രദ്ധേയമാണ്. കമ്പനിയിലെ 75 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ പോകുന്നു. ടി.സി.എസിലും ഇൻഫോസിസ്, എച്ച്.സി.എൽ., വിപ്രോ എന്നിവയിലുമായി 10 ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. ഈ കമ്പനികളും സമാനതീരുമാനമെടുത്താൽ ഏഴരലക്ഷത്തോളം ഇനിമുതൽ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങില്ല. ഇത് സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഗുണം ചെയ്യും. അതിനാൽ, ഇത്തരം 'പുതിയ നോർമലുകൾക്ക്" സർക്കാർ ആനുകൂല്യങ്ങൾ നൽകണം.

വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്ത പല ഐ.ടി കമ്പനികളും ഉത്‌പാദനക്ഷമതയിൽ 10 ശതമാനത്തിനുമേൽ വർദ്ധന നേടി. കൊവിഡാനന്തരകാലത്ത് പരിസ്ഥിതിസൗഹൃദവും ചെലവുകുറഞ്ഞതുമായ പാർപ്പിട പദ്ധതികൾക്ക് ഡിമാൻഡേറും. സാമ്പത്തികകാരണങ്ങൾ കൊണ്ടല്ലാതെയാണ് ലോകം ഇപ്പോൾ മാന്ദ്യം നേരിടുന്നത്. അതിനാൽ, ലോക്ക്ഡൗൺ കഴിഞ്ഞാൽ വളർച്ച അതിവേഗം തിരിച്ചുപിടിക്കും. അടുത്തവർഷം ഇന്ത്യൻ ജി.ഡി.പി 5-7 ശതമാനം വളരുമെന്നും അദ്ദേഹം പറഞ്ഞു. അസറ്ര് ഹോംസ് മാനേജിംഗ് ഡയറക്‌ടർ വി. സുനിൽകുമാർ പരിപാടിയിൽ സ്വാഗതം പറഞ്ഞു.