photo

കൊല്ലം: പരിസ്ഥിതി ദിനത്തിൽ ഒരു വൃക്ഷത്തൈ നട്ടത് പി.ഐഷാപോറ്റി എം.എൽ.എയ്ക്ക് പുലിവാലായി. സേവാഭാരതിയെന്ന ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമവൈഭവം പദ്ധതിയുടെ ഭാഗമായി ഐഷാപോറ്റി വൃക്ഷത്തൈ നട്ടതിനെതിരെയാണ് പാർട്ടിയ്ക്കകത്തും പുറത്തും കലാപം.

വെള്ളിയാഴ്ച ആർ.എസ്.എസ് ജില്ലാ കാര്യവാഹക് ആർ.ദിവാകരൻ, ആരോഗ്യ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി സജീവൻ, സജി എന്നിവർ എം.എൽ.എയുടെ വീട്ടിലെത്തി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടാൻ അഭ്യർത്ഥിച്ചു.

എന്നും കാണുന്ന മുഖങ്ങളായതിനാൽ രാഷ്ട്രീയ ചിന്തകളില്ലാതെ എം.എൽ.എ തൈ നടുകയും ചെയ്തു. അല്പ സമയത്തിനകം നവമാദ്ധ്യമങ്ങളിൽ സേവാഭാരതിയുടെ ഗ്രാമവൈഭവം പദ്ധതിയുടെ താലൂക്കുതല ഉത്ഘാടനം സി.പി.എംകാരിയായ എം.എൽ.എ നിർവ്വഹിക്കുന്ന ചിത്രം സഹിതമെത്തി.

അതോടെ സി.പി.എമ്മിലും എം.എൽ.എയ്ക്കെതിരെ കടുത്ത വിമർശനമായി. യു.ഡി.എഫിലെ പ്രവർത്തകർ നവമാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിച്ച് വലിയ തോതിൽ ചർച്ചയുമാക്കി.

കൊല്ലത്ത് മുൻപ് ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിന് കോർപ്പറേഷൻ മേയർക്കെതിരെ സി.പി.എം നടപടിയെടുത്ത സംഭവവും പലരും ഓർമ്മിപ്പിച്ചു. സ്വന്തം വീട്ടുമുറ്റത്ത് നട്ട വൃക്ഷത്തൈ തനിയ്ക്കൊരു കുരുക്കായി മാറുമെന്ന് അഭിഭാഷകയായ എം.എൽ.എ തീർത്തും ചിന്തിച്ചതുമില്ല.