നെയ്മറിന്റെ പേരിൽ നൽകിയ വ്യാജ അപേക്ഷയിൽ പണം അനുവദിച്ച് ബ്രസീലിയൻ സർക്കാർ
സാവോപോളോ : സംഗതി കൊവിഡ് വന്നപ്പോൾ ഉള്ള തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടിവന്നു. എന്നാൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ബ്രസീലിയൻ സർക്കാർ നൽകുന്ന ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നൽകേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ഇൗ നെയ്മർക്ക് ? അപേക്ഷിച്ചതല്ലേ എന്ന് കരുതി ഉദ്യോഗസ്ഥർ അതങ്ങ് അനുവദിക്കുകയും ചെയ്തു.
120 ഡോളറാണ് (9000 ഇന്ത്യൻ രൂപ ) ശതകോടികൾ ആസ്തിയുളള നെയ്മർക്ക് ലഭിച്ച സഹായധനം. സഹായം അനുവദിച്ചുകഴിഞ്ഞപ്പോഴല്ലേ കാര്യം മനസിലായത്. അപേക്ഷിച്ചത് വ്യാജനായിരുന്നു. ഇതറിഞ്ഞതോടെ സഹായം മരവിപ്പിച്ച് സർക്കാർ തടിയൂരി. ബ്രസീലിലെ ഒരു പ്രാദേശിക ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരങ്ങളിലൊരാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് കളിക്കുന്ന നെയ്മർ. അദ്ദേഹത്തിന്റെ പേരിൽ ആരോ വ്യാജമായി സമർപ്പിച്ചതാണ് അപേക്ഷയെന്നാണ് വിവരം. അതേസമയം വ്യക്തമായ രേഖകളോടു കൂടി പാസാക്കേണ്ടതാണ് അപേക്ഷയെന്നിരിക്കെ, നെയ്മറിന്റെ അപേക്ഷയ്ക്ക് അനുമതി ലഭിച്ചത് വിവാദമായി. നെയ്മറിന്റെ പേരും ജനന തീയതിയും തിരിച്ചറിയൽ കാർഡ് നമ്പറും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉപയോഗിച്ചാണ് വ്യാജ അപേക്ഷ സമർപ്പിച്ചത്.
അപേക്ഷ അംഗീകരിച്ച് പണം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിയ ശേഷമാണ് അപേക്ഷ വ്യാജമാണെന്ന് വ്യക്തമായത്. ഇതോടെ, അപേക്ഷയ്ക്ക് അനുമതി നൽകിയ നടപടി മരവിപ്പിക്കുകയായിരുന്നുവെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ ‘അപേക്ഷ പരിഗണനയിലാണ്’ എന്നാണ് മറുപടി ലഭിക്കുന്നത്.
ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് കളിക്കുന്ന നെയ്മറിന് ഈ വർഷം മാത്രം കരാർ പ്രകാരം 95.5 മില്യൻ യുഎസ് ഡോളർ (ഏതാണ്ട് 722 കോടിയോളം രൂപ) ലഭിച്ചതായാണ് റിപ്പോർട്ട്.