റിയാദ്: കൊവിഡ് വ്യാപനം ശക്തമായതോടെ വീണ്ടും കർഫ്യൂ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഇന്നലെ മുതൽ ഈ മാസം ഇരുപത് വരെ 15 ദിവസത്തേക്കാണ് നടപടി. ഈ ദിവസങ്ങളിൽ വൈകിട്ട് മൂന്ന് മണി മുതൽ ആറ് മണി വരെ കർശന നിയന്ത്രണങ്ങളുണ്ടാവും.
ജൂൺ 20 വരെ പള്ളികൾ അടച്ചിടണം. സർക്കാർ,സ്വകാര്യ ഓഫീസുകളൊന്നും പ്രവർത്തിക്കാൻ പാടില്ല. റസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. എന്നാൽ പാർസൽ അനുവദിക്കും. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്.
വിമാന, ടാക്സി സർവീസുകൾ ഇപ്പോഴുള്ള പോലെ നടക്കും. ജിദ്ദ നഗരത്തിലേക്കുള്ള പ്രവേശനത്തിനും പുറത്തുപോവുന്നതിനും കർഫ്യു ഇല്ലാത്ത സമയത്ത് അനുവാദമുണ്ടാകും. റിയാദിലടക്കം സൗദിയിലെ മറ്റു പ്രവിശ്യകളിൽ നിലവിലെ സ്ഥിതി തുടരുമെന്നും എന്നാൽ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഗൾഫ് കൊവിഡ് മീറ്റർ
സൗദി:95,748 - 642
യുഎഇ:37,642-274
ഖത്തർ:65,495-49
ബഹ്റൈൻ:13,835-23
ഒമാൻ:16,016-72
കുവൈറ്റ്: 30,644-244
മുഴുവൻ ആളുകൾക്കും പരിശോധന
അബുദാബി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് പരിശോധന നടത്താനൊരുങ്ങി യു.എ.ഇ. ഇതിനകം 20 ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കൊവിഡ് പരിശോധന നടത്തിയത്. വൈറസ് ബാധയുണ്ടോയെന്നറിയാൻ ഇനി 90 ലക്ഷം പേരിൽ കൊവിഡ് പരിശോധന നടത്തും. ലോകത്ത് തന്നെ കൊവിഡ് പരിശോധനയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ.
കൊവിഡ് പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണവും യു.എ.ഇയിൽ ഊർജ്ജിതമായി നടക്കുകയാണ്.