trump

വാഷിംഗ്‌ടണ്‍ (യു.എസ് ) : ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളും മരണവും അമേരിക്കയിൽ ഉണ്ടായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് രോഗവ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ കൊവിഡ് ടെസ്റ്റുകള്‍ അമേരിക്ക നടത്തി തുടങ്ങിയിരുന്നു. രണ്ട് കോടിയോളം പരിശോധനകളാണ് അമേരിക്ക നടത്തിയത്. കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയാല്‍ അമേരിക്കയെക്കാള്‍ കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാവുക ഇന്ത്യയിലും ചൈനയിലും ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ജര്‍മനി 40 ലക്ഷത്തോളം പരിശോധനകളും ദക്ഷിണ കൊറിയ 30 ലക്ഷത്തോളം പരിശോധനകളും മാത്രമാണ് നടത്തിയത്. കൂടുതല്‍ പരിശോധനകള്‍ നടത്തിയാൽ കൂടുതല്‍ വൈറസ് ബാധിതരെ കണ്ടെത്താന്‍ കഴിയും. ഇന്ത്യയിലോ ചൈനയിലോ കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ ആ രാജ്യങ്ങളിലും കൂടുതല്‍ വൈറസ് ബാധിതരെ കണ്ടെത്താനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം കൊവിഡ് ബാധിതര്‍ ഉള്ളത് അമേരിക്കയിലാണ്. 1,897,239 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 109,127 പേര്‍ ഇതുവരെ മരിച്ചു. കൊറോണ വൈറസ് ബാധയുടെ പ്രഭവസ്ഥാനം ചൈനയിലെ വുഹാന്‍ നഗരം ആയിരുന്നുവെങ്കിലും ചൈന ഇപ്പോള്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ 18-ാം സ്ഥാനത്താണ്. 84,177 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്. 4,634 പേര്‍ ചൈനയില്‍ ഇതുവരെ മരിച്ചു.

ഇന്ത്യയിൽ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 236,657 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.