മുംബയ് : കളിക്കളത്തിലും പുറത്തും സൗമ്യശീലനായ സച്ചിൻ ടെൻഡുൽക്കർ കോപാകുലനായ കഥകളൊന്നും അധികം കേട്ടിട്ടില്ല. എന്നാൽ പണ്ട് സച്ചിൻ ഇന്ത്യൻ ടീം ക്യാപ്ടനായിരിക്കുമ്പോൾ സൗരവ് ഗാംഗുലിയെ ഭീഷണിപ്പെടുത്തിയ സംഭവം വിവരിക്കുകയാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ വിക്രാന്ത് ഗുപ്ത. ഒരു യുട്യൂബ് വിഡിയോയിലാണ് സൗരവിന്റെ കരിയർ അവസാനിപ്പിക്കുമെന്ന് സച്ചിൻ ഭീഷണി മുഴക്കിയ സംഭവം വിക്രാന്ത് വെളിപ്പെടുത്തിയത്.
ഈ സംഭവം ഇങ്ങനെ
1996–97 കാലഘട്ടം. ഗാംഗുലി ടീമിലെ തുടക്കക്കാരിൽ ഒരാൾ . അന്ന് വെസ്റ്റിൻഡീസിൽ പര്യടനത്തിനു പോയ ഇന്ത്യൻ ടീമിന്റെ നായകൻ സച്ചിൻ. ബാർബഡോസിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വിൻഡീസിനോടു ദയനീയമായി തോറ്റു. വെസ്റ്റിൻഡീസ് ഉയർത്തിയ 120 റൺസിന്റെ തീരെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ രണ്ടു റൺസ് എന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ 319 റൺസെടുത്തിരുന്ന ഇന്ത്യ വിജയമുറപ്പിച്ചാണ് തിരികെ കയറിയത്. എന്നാൽ, നാലാം ദിനം എല്ലാം തകിടം മറിഞ്ഞു. ഇയാൻ ബിഷപ്പ്, കർട്‌ലി അംബ്രോസ്, ഫ്രാങ്ക്‌ളിൻ റോസ് എന്നീ വിൻഡീസ് ബോളർമാർക്കു മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ വെറും 81 റൺസിന് ആൾഔട്ടായി.38 റൺസിന്റെ തോൽവി .
61 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസെടുത്ത വി.വി.എസ്. ലക്ഷ്മൺ മാത്രമാണ് രണ്ടക്കം കണ്ടത്. മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ ഇങ്ങനെ: നവ്ജ്യോത് സിംഗ് സിദ്ധു (2), സച്ചിൻ (4), സൗരവ് ഗാംഗുലി (8), മുഹമ്മദ് അസ്ഹറുദ്ദീൻ (9), നയൻ മോംഗിയ (5), അനിൽ കുംബ്ലെ (1), ദൊഡ്ഡ ഗണേഷ് (6), അബി കുരുവിള (9) വെങ്കിടേഷ് പ്രസാദ് (0). വെസ്റ്റിൻഡീസ് വഴങ്ങിയ 15 എക്സ്ട്രാ റൺസായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിൽ രണ്ടാമത്തെ ടോപ് സ്കോറർ!
വിജയമുറപ്പിച്ച മത്സരം തോറ്റതിനെ തുടർന്ന് ദേഷ്യത്തിലായിരുന്നു ക്യാപ്ടനായിരുന്ന സച്ചിൻ. സങ്കടത്തിലും നിരാശയിലും ഒറ്റയ്ക്കിരിക്കുകയായിരുന്ന സച്ചിനെ ആശ്വസിപ്പിക്കാൻ സൗരവ് ചെന്നു. തന്റെ അടുത്തെത്തിയ ഗാംഗുലിയോട് പിറ്റേന്നു രാവിലെ മുതൽ ഓടാൻ തയാറാകാൻ സച്ചിൻ ആവശ്യപ്പെട്ടു.
എന്നാൽ, പിറ്റേന്നു രാവിലെ ഗാംഗുലി ഓടാൻ പോകാൻ എത്തിയില്ല. ഇതിൽ ക്രുദ്ധനായാണ് സച്ചിൻ സൗരവിനോട് തട്ടിക്കയറിയത്. ഗാംഗുലിയെ തിരികെ നാട്ടിലേക്ക് അയയ്ക്കുമെന്നും കരിയർ തന്നെ അവസാനിപ്പിച്ചു കളയുമെന്നും സച്ചിൻ പറഞ്ഞതായി വിക്രാന്ത് ഗുപ്ത വെളിപ്പെടുത്തുന്നു. സച്ചിന്റെ രോഷപ്രകടനത്തിന് ഇരയായശേഷമാണ് ക്രിക്കറ്റിനോടുള്ള മനോഭാവത്തിൽ മാറ്റം വരുത്താനും കഠിനാധ്വാനം ചെയ്യാനും സൗരവ് തീരുമാനിച്ചതെന്നും വിക്രാന്ത് ഗുപ്ത വെളിപ്പെടുത്തി. ആ തോൽവിയോടെ സച്ചിൻ ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞിരുന്നില്ലെങ്കിൽ ദീർഘകാലം ഇന്ത്യയെ നയിക്കാനും എക്കാലത്തെയും മികച്ച ക്യാപ്ടൻമാരിലൊരാളായി മാറാനും സാധിക്കുമായിരുന്നുവെന്നും ഗുപ്ത ചൂണ്ടിക്കാട്ടി.