hamza

പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ മണ്ണിൽ പന്തു തട്ടി ഉയരങ്ങളിലെത്തിയ ഹംസക്കോയയുടെ കൊവിഡ് ബാധിച്ചുള്ള മരണം നാടിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മഹാരാഷ്ട്രയ്ക്കു വേണ്ടി സന്തോഷ് ട്രോഫിയിൽ അഞ്ചുവർഷം ബൂട്ടണിഞ്ഞ ഹംസക്കോയ നെഹ്റുട്രോഫിയിൽ ഇന്ത്യൻ ടീമംഗവുമായിരുന്നു.

ഡിഫൻസിൽ എതിരാളികളുടെ തലവേദനയായ ഹംസക്കോയ മനസ്സാന്നിദ്ധ്യവും പന്തടക്കവും കൊണ്ട് ആരാധകരുടെ മനസ് കീഴടക്കി. 1973 മുതൽ തുടർച്ചയായി പരപ്പനങ്ങാടി ബി. ഇ . എം ഹൈസ്‌ക്കൂളിനായി സംസ്ഥാന തലത്തിൽ ഫുട്ബാളിലും ലോംഗ് ജമ്പിലും തിളങ്ങി. തിരൂരങ്ങാടി പി. എസ് .എം. ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കവേ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബാൾ ടീമിന്റെ അമരത്തെത്തിയ ഹംസക്കോയ മികവുറ്റ പ്രകടനത്തിലൂടെ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയനായി. 1978ൽ മഹാരാഷ്ട്രയിലെ വെസ്റ്റേൺ റെയിൽവേയിൽ പ്രവേശിച്ചു. 1981 മുതൽ 1986 വരെ തുടർച്ചയായി മഹാരാഷ്ട്രയ്ക്കായി ബൂട്ടണിഞ്ഞു.പിന്നാലെ ചെറുപ്രായത്തിൽ തന്നെ ഇന്ത്യയിലെ പ്രശസ്തമായ ക്ളബ്ബുകൾക്കായി ഹംസക്കോയ ബൂട്ടണിഞ്ഞു. അഞ്ചു വർഷക്കാലം വെസ്റ്റേൺ റെയിൽവേയ്ക്ക് വേണ്ടി കളിച്ച ഹംസക്കോയ യൂണിയൻ ബാങ്ക്, ആർ.സി.എഫ്, ടാറ്റ സ്‌പോർട്സ് ക്ലബ്ബ്, ഓർക്കായ് മിൽസ്, മോഹൻബഗാൻ , മുഹമ്മദൻസ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും കളത്തിലിറങ്ങി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായി നടത്തിയ പ്രകടനം അദ്ദേഹത്തെ ഇന്ത്യൻടീമിലേക്കുമെത്തിച്ചു.

മുംബൈയിലെ മാട്ടുംഗയിൽ സ്ഥിരതാമസമാക്കിയെങ്കിലും നാടുമായുള്ള ബന്ധം സജീവമായി തന്നെ നിലനിറുത്തിയിരുന്നു. തിരക്കുകൾക്കിടയിലും നാട്ടിലെത്തിയാൽ കളിച്ചു പഠിച്ച പരപ്പനങ്ങാടിയിലെ ബി. ഇ എം. ഹൈസ്‌ക്കൂൾ മൈതാനത്തെത്തുമായിരുന്നു. പരപ്പനങ്ങാടിയിലെ റെഡ് വേവ്സ് കായിക കൂട്ടായ്മയിലെ പഴയകാല സുഹൃത്തുക്കളോടൊപ്പം കളത്തിലിറങ്ങി പന്തുതട്ടാനും സമയം കണ്ടെത്തുമായിരുന്നെന്ന് സുഹൃത്ത് ഉണ്ണിക്കൃഷ്ണൻ അനുസ്മരിച്ചു.

ഒരു കായിക കുടുംബം തന്നെയായിരുന്നു ഹംസക്കോയയുടേത്. മുൻ ഇന്ത്യൻ വോളിബാൾ താരമായിരുന്ന ലൈലയാണ് ഭാര്യ . മകൻ ലിയാസ് കോയ ഇന്ത്യൻ ജൂനിയർ ഫുട്ബാൾ ടീമിന്റെ ഗോളിയായിരുന്നു.