പുരാതന കാലം തൊട്ട് തങ്ങളുടെ ശത്രുരാജ്യങ്ങൾക്കെതിരെ മനഃശാസ്ത്ര തന്ത്രങ്ങൾ ഉപയോഗിക്കുകയും അതുവഴി ശത്രുവിനെ കീഴ്പ്പെടുത്തുകയുമാണ് ചൈന ചെയ്തുപോരുന്നത്. അതിനു അവരുടേതായി ഒരു ആചാര്യനുമുണ്ട്. 544 ബി.സി മുതൽ 496 ബി.സി വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചൈനീസ് പടത്തലവനും, യുദ്ധതന്ത്രജ്ഞനും തത്വചിന്തകനുമായ സുൻ സുവിനെയാണ് ചൈന ഇക്കാര്യത്തിൽ പിന്തുടരുന്നത്.
യുദ്ധമുറകൾ ആസൂത്രണം ചെയ്യുന്നതിൽ അതീവ സാമർഥ്യമുണ്ടായിരുന്ന സുൻ സുവിന്റെ പേരിൽ 'പോരിന്റെ കല'(ദി ആർട്ട് ഒഫ് വാർ) എന്ന ഒരു പുസ്തകം തന്നെ നിലവിലുണ്ട്. എന്നാൽ കാലം മാറുന്നതനുസരിച്ച് കോലവും മാറും. ഇന്ന് സുൻ സുവിന്റെ ആശയങ്ങളുമായി മറ്റ് രാജ്യങ്ങൾക്കെതിരെ പടപ്പുറപ്പാട് നടത്തുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.
'സൈ ഓപ്സ്' അല്ലെങ്കിൽ 'സൈക്കോളജിക്കൽ ഓപ്പറേഷൻസ്' എന്നാണു ഈ യുദ്ധതന്ത്രങ്ങൾ ആധുനിക യുഗത്തിൽ അറിയപ്പെടുന്നത്. ചൈനയെ കൂടാതെ അമേരിക്ക, ഇസ്രായേൽ, റഷ്യ എന്നീ പ്രമുഖ രാജ്യങ്ങൾ ശത്രുവിനെ വീഴ്ത്താനായി ഈ യുദ്ധമുറ പ്രയോഗിക്കാറുണ്ട്.
പുതിയ കാലത്ത്, സാങ്കേതിക വിദ്യ ഉപയോഗിച്ച് ശത്രുരാജ്യങ്ങളിലെ ജനങ്ങളുടെ മനസിൽ ഭരണകർത്താക്കളെ കുറിച്ച് അവിശ്വാസം ജനിപ്പിക്കുക, സോഷ്യൽ മീഡിയ വഴി വ്യാജ ശത്രുരാജ്യത്തെ കുറിച്ച് വ്യാജവാർത്തകളും വിവരങ്ങളും പടച്ചുവിട്ട് ശത്രുസൈന്യത്തിന്റെ മനോവീര്യം കെടുത്തുക എന്നീ കാര്യങ്ങളാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ചെയ്തുപോരുന്നത്.
ശത്രുരാജ്യത്തിന് ചിന്തിക്കാൻ പോലുമാകാത്ത സൈനിക ശേഷി തങ്ങൾക്കുണ്ടെന്ന് വിഡിയോകളും ചിത്രങ്ങളും വഴി പ്രചരിപ്പിക്കുന്നതും ചൈനയുടെ മറ്റൊരു തന്ത്രമാണ്. ഇതുകൂടാതെ ചർച്ചകൾ നടത്തി, എല്ലാം കലങ്ങിത്തെളിയാൻ പോകുന്നു എന്ന പ്രതീതി ഉണ്ടാക്കി ശത്രുരാജ്യങ്ങളിലും അവരുടെ ജനങ്ങൾക്കിടയിലും പ്രതീക്ഷ വളർത്തിയ ശേഷം പ്രതിരോധം ശക്തിപ്പെടുത്തുന്ന ചതിപ്രയോഗവും ചൈന നടത്താറുണ്ട്.
73 ദിവസം നീണ്ട ഇന്ത്യയുമായുള്ള ഡോക്ലാം സംഘർഷത്തിലും ചൈന ഈ മാർഗം പയറ്റുകയുണ്ടായി. എന്നാൽ ചൈന ഒരു കാര്യം മറന്നു പോകുന്നുണ്ട്. ചൈനയുടെ ആചാര്യനായ സുൻ സുവിനെ വെല്ലാൻ പോന്ന ഒരാൾ ഇന്ത്യയ്ക്കുമുണ്ട്. പ്രാചീന ഇന്ത്യയുടെ എതിരില്ലാത്ത രാഷ്ട്രതന്ത്രജ്ഞനും 'അർത്ഥശാസ്ത്ര'ത്തിന്റെ രചയിതാവുമായ സാക്ഷാൽ ചാണക്യൻ.
ബി.സി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന അദ്ദേഹമാണ് ഭാരതത്തിന്റെ ഏറ്റവും ശക്തമായ സാമ്രാജ്യമായിരുന്ന മൗര്യ രാജവംശത്തെ കരുത്തനായ ഭരണാധികാരിയായ ചന്ദ്രഗുപ്ത മൗര്യന് യുദ്ധതന്ത്രങ്ങൾ ഓതിക്കൊടുത്തത്. ചുരുക്കത്തിൽ, ചാണക്യന്റെ പാരമ്പര്യം പിന്തുടരുന്ന ഇന്ത്യയോടും അതിന്റെ ഭരണാധികാരിയോടും എതിരിടുമ്പോൾ ചൈന ഒന്ന് വിയർക്കേണ്ടി വരും എന്നതാണ് സത്യം.
അതുമാത്രമല്ല പ്രതിരോധ ശേഷിയിലും പടക്കോപ്പുകളുടെയും സൈനികബലത്തിന്റെയും കാര്യത്തിൽ മുൻപെങ്ങുമിലാത്ത രീതിയിൽ ഇന്ത്യ കരുത്ത് കൈവരിച്ച വേളയിലാണ് ചൈന ഇന്ത്യയുമായി പോരിന് വരുന്നതെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ അതിർത്തിയിൽ നേരിട്ടുള്ള യുദ്ധത്തിന് ചൈന മുന്നിട്ടിറങ്ങാനുള്ള സാദ്ധ്യത കുറവുമാണ്.