ബിലാസ്‌പൂർ: ഗർഭിണിയായ പശുവിന്റെ വായിൽ പടക്കം പൊട്ടിച്ചെന്ന് പരാതി. ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിലുള്ള ജാൻദത്ത മേഖലയിലാണ് സംഭവം. അയൽക്കാരനാണ് ഗർഭിണിയായ പശുവിന്റെ വായിൽ പടക്കം പൊട്ടിച്ചതെന്നാണ് ആരോപണം. പടക്കം പൊട്ടിയതിനേതുടർന്ന് പശുവിന്റെ താടിയെല്ലിന് ഗുരുതര പരിക്കുണ്ടെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ പശുവിന്റെ വീഡിയോ ഉടമസ്ഥൻ തന്നെ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അയൽക്കാരനെതിരെ കർശന നടപടി വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഗുർദിയാൽ സിംഗ് എന്നയാളുടെ പശുവിനെ നേരെയാണ് അതിക്രമം നടന്നിട്ടുള്ളത്. അയൽക്കാരനായ നന്ദലാൽ മനപൂർവ്വം പശുവിനെ ദ്രോഹിച്ചതാണെന്നാണ് ആരോപണം. സംഭവത്തിന് ശേഷം നന്ദലാൽ ഒളിവിൽ പോയതായും ഗുർദിയാൽ സിംഗ് പറയുന്നു. നിലവിൽ തീറ്റ എടുക്കാൻ പോലും സാധിക്കാത്ത നിലയിലാണ് പശു.