azharudeen
azharudeen

ഹൈദരാബാദ്: അമ്പത്തിയേഴാം വയസിലും കൈക്കുഴയുപയോഗിച്ചുള്ള ആ മാജിക്കൽ ഫ്ലിക്കുകളും ടൈമിംഗും കൈമോശം വന്നിട്ടില്ലെന്ന്തെളിയിക്കുകയാണ് മുഹമ്മദ് അസ്ഹ‌റുദ്ദീനെന്ന മുൻ ഇന്ത്യൻ നായകൻ. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ കാഷ്വൽ ലുക്കിൽ പഴയ അതേ മികവോടെ തന്റെ ട്രേഡ് മാർക്ക് ഷോട്ടുകൾ കളിക്കുന്ന വീഡിയോ അസ്‌ഹറുദ്ദീൻ തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. നിമിഷ നേരത്തിനുള്ളിൽ വൈറലായ വീഡിയോക്ക് താഴെ നിരവധി ആരാധകർ ലൈക്കുകളും കമന്റുകളുമായെത്തി.

കൈക്കുഴയുപയോഗിച്ചുള്ള ഫ്ലിക്ക് ഷോട്ടുകൾ, ബാക്ക്ഫുട്ട്,​ കവർ ഡ്രൈവുകൾ, കട്ട് ഷോട്ട് തുടങ്ങിയവയെല്ലാം അ‌സ്ഹ‌ർ വീഡിയോയിൽ കളിക്കുന്നുണ്ട്.സ്റ്രേഡിയത്തിലെ അസ്‌ഹറുദ്ദീന്റെ പേരിലുള്ള സ്റ്റാൻഡും വീഡിയോയിൽ കാണാം.

ഇരുപത് വർഷം മുൻപാണ് അസ്‌ഹർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. തുടർന്ന് 2000ത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ വാതുവയ്‌പിന്റെ പേരിൽ വിലക്കേർപ്പെടുത്തിയ ശേഷം അസ്‌ഹർ ദേശീയ കുപ്പായം അണിഞ്ഞിട്ടില്ല. ഇതിന് ശേഷം ഏതാനും ചില അനൗദ്യോഗിക മത്സരങ്ങൾക്കായേ അസ്ഹർ ബാറ്റ് കൈയിലെടുത്തിട്ടുള്ളൂ. മുൻ എം.പി കൂടിയായ അ‌സ്‌ഹറുദ്ദീൻ നിലവിൽ ഹൈദരാബാദ് ക്രിക്കറ്ര് അസോസിയേഷൻ പ്രസിഡന്റാണ്.