മ്യൂണിക്ക്: ജർമ്മൻ ബുണ്ടസ് ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബയേർ ലെവർകുസനെ തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് മുപ്പതാം കിരീടത്തിലേക്ക് ഒരുപടികൂടി അടുത്തു. ലെവർകുസന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബയേണിന്റെ ജയം. കിംഗ്സ്‌ലി കോമാൻ, ലിയോൺ ഗോരറ്റ്‌സ്ക, സെർജെ ഗ്നാബ്രി, റോബർട്ട് ലെവൻഡോ‌വ്‌സ്കി എന്നിവരാണ് ബയേണിനായി ലക്ഷ്യം കണ്ടത്. ലുകാസ് അലാരിയോ, ഫ്ലോറിയാൻ വിർറ്റ്‌സ് എന്നിവരാണ് ലെവർകുസനായി ഗോളുകൾ നേടിയത്. ഒമ്പതാം മിനിട്ടിൽ അലാരിയോയുടെ ഗോളിൽ ലെവർകുസൻ ലീഡ് നേടിയെങ്കിലും താളം വീണ്ടെടുത്ത ബയേൺ മത്സരം സ്വന്തമാക്കുകയായിരുന്നു. 30 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള ബയേണിന് രണ്ടാം സ്ഥാനത്തുള്ള ബൊറൂഷ്യ ഡോർട്ടുമുണ്ടിനേക്കാൾ പത്ത് പോയിന്റിന്റെ ലീഡുണ്ട്.