ന്യൂഡൽഹി: ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ പിന്തുടർന്ന് ചൈനയ്‌ക്കെതിരെ പരസ്യം നൽകിയ പാലുത്പന്ന നിർമാതാക്കളായ 'അമൂലി'നെതിരെ തിരിഞ്ഞ് മൈക്രോ ബ്ലോഗിംഗ് സർവീസായ ട്വിറ്റർ. ഇതേ തുടർന്ന് ജൂൺ മൂന്നാം തീയതി അമൂലിന്റെ അക്കൗണ്ട് താത്കാലികാലികമായി ട്വിറ്റർ ഡിയാക്റ്റിവേറ്റ് ചെയ്തു.
എന്നാൽ പിറ്റേ ദിവസം തന്നെ സ്ഥാപനത്തിന്റെ അക്കൗണ്ട് തിരിച്ചെത്തിയതായി അമൂൽ എം.ഡി ആർ.എസ് സോദി അറിയിച്ചു. എന്നാൽ എന്ത് കാരണം കൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതെന്ന് ട്വിറ്റർ വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്യത്തിൽ 'മെയ്ഡ് ഇൻ ചൈന' പ്ലക്കാർഡുമായി നിൽക്കുന്ന ചൈനീസ് വ്യാളിയെ 'അമൂൽ ഗേൾ' എതിർക്കുന്നതായാണ് പരസ്യത്തിലുള്ളത്. പരസ്യത്തിൽ അമൂൽ എന്നെഴുതിയതിന്റെ താഴെയായി 'മെയ്ഡ് ഇൻ ഇന്ത്യ' എന്നും കാണാം.
എന്നാൽ ഇത് അമൂലിന്റെ നിലപാടല്ലെന്നും രാജ്യത്തെ സാധാരണക്കാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ലളിതമായും സരസമായും അവതരിപ്പിക്കുകയാണ് പരസ്യത്തിലൂടെ ചെയ്യുന്നതെന്നും ആർ.എസ് സോദി പറയുന്നു.
കഴിഞ്ഞ 55 വർഷമായി അമൂൽ ഇത്തരത്തിലുള്ള പരസ്യങ്ങളാണ് നൽകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഏതായാലും ഇതിനെതിരെ 'അമൂൽ' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വിറ്ററിൽ പ്രതിഷേധം വ്യാപകമാകുകയാണ്. അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യക്കാർ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യമുയരുന്നത്.