bayern-munich

മ്യൂണിക്ക്: ജർമ്മൻ ബുണ്ടസ് ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബയേർ ലെവർകുസനെ തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് മുപ്പതാം കിരീടത്തിലേക്ക് ഒരുപടികൂടി അടുത്തു. ലെവർകുസന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബയേണിന്റെ ജയം.

കിംഗ്സ്‌ലി കോമാൻ, ലിയോൺ ഗോരറ്റ്‌സ്ക, സെർജെ ഗ്നാബ്രി, റോബർട്ട് ലെവൻഡോ‌വ്‌സ്കി എന്നിവരാണ് ബയേണിനായി ലക്ഷ്യം കണ്ടത്. ലുകാസ് അലാരിയോ, ഫ്ലോറിയാൻ വിർറ്റ്‌സ് എന്നിവരാണ് ലെവർകുസനായി ഗോളുകൾ നേടിയത്.

ഒമ്പതാം മിനിട്ടിൽ അലാരിയോയുടെ ഗോളിൽ ലെവർകുസൻ ലീഡ് നേടിയെങ്കിലും താളം വീണ്ടെടുത്ത ബയേൺ മത്സരം സ്വന്തമാക്കുകയായിരുന്നു. 30 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള ബയേണിന് രണ്ടാം സ്ഥാനത്തുള്ള ബൊറൂഷ്യ ഡോർട്ടുമുണ്ടിനേക്കാൾ പത്ത് പോയിന്റിന്റെ ലീഡുണ്ട്. മറ്രൊരു മത്സരത്തിൽ മെയിൻസ് എയ്ൻട്രാക്ക് ഫ്രാങ്ക്ഫർട്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി. ഫ്രെയ്ബർഗ് 1-0ത്തിന് മോൺചെൻഗ്ലാഡ്ബാഷിനെ വീഴ്ത്തി. ലെയ്‌പ്സിഗും പാഡർബോണും 1-1നും ഡസ്സൽഡോർഫും ഹോഫൻഹീമും 2-2നും സമനിലയിൽ പിരിഞ്ഞു.

ചരിത്രമെഴുതി വിർറ്റ്‌സ്

ബുണ്ടസ് ലിഗയിൽ ഗോൾടുന്ന ഏറ്രവും പ്രായംകുറഞ്ഞ താരമെന്ന റെക്കാഡ് ബെയർ ലെവർകുസന്റെ കൗമാര താരം ഫ്ലോറിയാൻ വിർറ്റ്‌സ് സ്വന്തമാക്കി. ഇന്നലെ ബയേണിനെതിരെ 2-4ന് ലെവർകുസൻ തോറ്റ മത്‌സരത്തിലാണ് വിർറ്റ്‌സിന്റെ ചരിത്ര നേട്ടം. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ വിർറ്റ്‌സ് 89-ാം മിനിട്ടിലാണ് ജർമ്മൻ ദേശീയ ടീമിന്റെ ഒന്നാം നമ്പർ ഗോളി മാനുവൽ ന്യൂയിർ കാത്ത ബയേണിന്റെ വലകുലുക്കിയത്. 17 വയസും 34 ദിവസവുമാണ് ഈ ഗോൾ നേടുമ്പോൾ വിർറ്റ്‌സിന്റെ പ്രായം.കൊളോണിന്റെ യൂത്ത് അക്കാഡ‌മിയിൽ നിന്ന് ഈ സീസണിലാണ് വിർറ്റ്‌സ് ലെവർകുസനിലെത്തിയത്. 2015ൽ ബൊറൂഷ്യ ഡോർട്ട്‌മുണ്ട് താരമായിരുന്ന നൂറി സഹിൻ (17 വയസ് 82 ദിവസം) സ്ഥാപിച്ച റെക്കാഡാണ് വിർറ്ര്‌സ് തിരുത്തിയത്.