ഒരാൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൽ നിന്ന് അയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അക്കാര്യത്തിൽ അത്ര വിശ്വാസമില്ലെങ്കിലും സന്ദർഭത്തിന് അനുസരിച്ച് വസ്ത്രം ധരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ, ഷോപ്പിംഗിനായി കൂടുതൽ നേരം ചെലവഴിക്കാൻ മടിയാണ്. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. ഫാഷനെ കുറിച്ചുള്ള എല്ലാ പുതിയ ഐഡിയകളും പറഞ്ഞുതരുന്നത് ചേച്ചിയാണ്. അത് പരീക്ഷിക്കുന്നതിലാണ് എനിക്ക് താത്പര്യം.നടി ഇനിയ സംസാരിക്കുകയായിരുന്നു.
യാത്രകളിലെപ്പോഴും കാഷ്വൽ ടോപ്പുകളും ജീൻസുമാണ് ഉപയോഗിക്കുന്നത്. തലയിലൊരു തൊപ്പിയുമുണ്ടാകും. ഫംഗ്ഷനുകൾക്ക് പോകുമ്പോൾ ആദ്യ പരിഗണന നൽകുന്നത് സാരിക്കാണ്. സാരിയുടുത്താൽ ഞാൻ സെക്സിയാണെന്ന് ഒരുപാട് പേർ പറയാറുണ്ട്. എനിക്ക് കൂടുതൽ ഇണങ്ങുന്നതായി തോന്നുന്ന വേഷവും സാരി തന്നെ. സിംപിൾ ഡിസൈനുള്ള ഷിഫോൺ സാരിയാണ് ഏറ്റവും ഇഷ്ടം. പർപ്പിളാണ് ഇഷ്ടനിറം. പട്ടുസാരിയുടുത്ത് മുല്ലപ്പൂവൊക്കെ വച്ച് പരമ്പരാഗത രീതിയിൽ ഒരുങ്ങുന്നതും ഇഷ്ടമാണ്. കാഷ്വൽസ് അണിയുമ്പോൾ ബ്ളാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനാണ് ആദ്യ പരിഗണന. ലോംഗ് ഗൗണുകളും എനിക്ക് ഇണങ്ങുന്ന വസ്ത്രമാണ്.
പ്ളൈൻ, പ്രിന്റഡ് ഗൗണുകളുടെ ഒരു വലിയ കളക്ഷൻ തന്നെയുണ്ട്. ജെഫിന്റെ ടി ഷർട്ടുകളും ലെവിസിന്റെ ജീൻസുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ലാറയുടെ ഡ്രസുകളും ഇഷ്ടമാണ്. കുർത്തികളുടെ കാര്യത്തിൽ ഡബ്ള്യൂവാണ് ഇഷ്ട ബ്രാൻഡ്. ചെന്നൈയിലുള്ള ലാവണ്യയാണ് എന്റെ പേഴ്സണൽ ഡിസൈനർ. സ്വാ എന്നാണ് ലാവണ്യയുടെ കളക്ഷൻസിന്റെ പേര്. സിഡ്നി സ്ളേഡൻ, ഉനൈസ് മുസ്തഫ, സ്റ്റുഡിയോ 9696-ന്റെ സന്ദീപ് തുടങ്ങി പ്രശസ്തരായ ഒരുപാട് ഡിസൈനർമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട്ടുള്ള റാസ്മിൻ, തിരുവനന്തപുരത്തെ അനുനോബി തുടങ്ങിയവരുടെ ഡിസൈനുകളും ഇഷ്ടമാണ്.
സിനിമയിൽ എപ്പോഴും കോസ്റ്റ്യൂം ഡിസൈനർമാരുടെ അഭിപ്രായത്തിനാണ് മുൻഗണന നൽകുന്നത്.
മിനിമലിസമാണ് എന്റെ മേക്കപ്പ് മന്ത്ര. പക്ഷേ, സിനിമ - മോഡലിംഗ് രംഗത്ത് അത് എപ്പോഴും പ്രാവർത്തികമാക്കാൻ കഴിയാറില്ല. മാക്, ഡിയോർ തുടങ്ങി ബ്രാൻഡഡ് ഉത്പന്നങ്ങൾ മാത്രമേ മേക്കപ്പിനായി ഉപയോഗിക്കാറുള്ളൂ. സ്കിന്നിനെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാൽ മേക്കപ്പ് സാധനങ്ങളുടെ ഗുണനിലവാരത്തിൽ പരീക്ഷണത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്. യഥാസമയം മേക്കപ്പ് നീക്കം ചെയ്യാനും ശ്രദ്ധിക്കണം. രാത്രി വൈകി ഷൂട്ടിംഗ് കഴിഞ്ഞാലും മേക്കപ്പ് നീക്കാതെ ഉറങ്ങാറില്ല. സ്കിന്നിന് ശ്വസിക്കാനുള്ള സമയം കൊടുക്കണം.
മേക്കപ്പ് പൗച്ച്, ബാഗ് തുടങ്ങിയവ വിക്ടോറിയ സിക്രട്ടിന്റേതാണ് ഉപയോഗിക്കുന്നത്. ബാഗിൽ എപ്പോഴും കാണുന്ന കാര്യങ്ങൾ മോയ്ച്ചറൈസറും ലിപ്സ്റ്റിക്കുമാണ്.ചിരിയും കണ്ണുകളുമാണ് എന്റെ പ്ളസ് പോയിന്റുകളെന്ന് തോന്നാറുണ്ട്. ഇഷ്ടമില്ലാത്ത ഒരു ഫീച്ചറുമില്ല. ഈ രൂപവും സൗന്ദര്യവുമൊക്കെ ദൈവാനുഗ്രഹമാണെന്നാണ് വിശ്വാസം. അതുകൊണ്ടാണല്ലോ സിനിമ പോലൊരു രംഗത്ത് എത്താൻ കഴിഞ്ഞത്. സ്ക്രീനിൽ എന്നെ കാണുമ്പോൾ നേരിൽ കാണുന്നതിനെക്കാൾ പക്വതയുള്ളയാളായി തോന്നും.
ലുക്കിന്റെ കാര്യത്തിൽ ഹെയർസ്റ്റൈലിന് വലിയ പങ്കുണ്ട്. എനിക്ക് ഇപ്പോൾ നീണ്ട മുടിയാണുള്ളത്. അത് പരിപാലിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. അടുത്ത സമയത്ത് മുടി മുറിച്ച് അഭിനയിക്കേണ്ട ഒരു കഥാപാത്രം വന്നിരുന്നു. ഞാൻ റെഡിയായി ഇരുന്നതാണ്. പക്ഷേ, വേറെ ചില പ്രോജക്ടുകളുടെ തിരക്ക് കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ മുടി മുറിക്കുന്നതും വേണ്ടെന്നു വച്ചു. വീട്ടിലുള്ളവർക്കും മുടിമുറിച്ചു കളയുന്നത് ഇഷ്ടമല്ല. നീളം കുറവാണെങ്കിൽ മുടി ഉണങ്ങാനും സെറ്റ് ചെയ്യാനുമൊക്കെ വളരെ കുറച്ച് സമയം മതി. എങ്കിലും മലയാളി പെൺകുട്ടികളുടെ നീണ്ട തലമുടി ഒരു അഴകാണെന്നാണ് എന്റെ അഭിപ്രായം.
ധാരാളം വെള്ളം കുടിക്കുന്നത്ചർമ്മവും മുടിയുമൊക്കെ നന്നായിരിക്കാൻ സഹായിക്കാറുണ്ട്. ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞുവന്നാലുടൻ ബ്യൂട്ടി പാർലറിലേക്കോടുന്ന രീതിയൊന്നുമില്ല. സാധാരണ പെൺകുട്ടികളെ പോലെ മാസത്തിലൊരിക്കൽ ഹെയർ സ്പായും ഫേഷ്യലുമൊക്കെ ചെയ്യും. സ്പാ ചെയ്യുന്നത് മുടി അറ്റം പിളരാതെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കാറുണ്ട്. കൂടാതെ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കാൻ സ്ഥിരം ഹെയർസ്റ്റൈലിസ്റ്റും മേക്കപ്പ്മാനുമുണ്ട്.
ലളിതമായ ആഭരണങ്ങളാണ് ഇഷ്ടം. ഡയമണ്ടിന്റെ ചെറിയ സ്റ്റഡ്, പെന്റന്റ് തുടങ്ങിയവയാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. വലിയ ഫംഗ്ഷനുകൾക്കൊക്കെ പോകുമ്പോൾ മാത്രമേ സ്റ്റേറ്റ്മെന്റ് ആഭരണങ്ങളിടാറുള്ളൂ. സ്വർണത്തിനോട് വലിയ താത്പര്യമില്ല. നിക്ഷേപം എന്ന രീതിയിൽ സ്വർണം വാങ്ങാറുണ്ട്. ഡയമണ്ടിനോടാണ് കൂടുതൽ ഇഷ്ടം. ആന്റിക് ജ്യൂവലറിയും ഇഷ്ടമാണ്. ടെമ്പിൾ കളക്ഷനാണ് എനിക്ക് കൂടുതൽ ഇണങ്ങുന്നതെന്ന് തോന്നുന്നു. ഇപ്പോൾ ട്രെൻഡായ സിൽവർ ജൂവലറികളും പരീക്ഷിക്കാറുണ്ട്.
വാച്ചുകൾ, ബാഗുകൾ, ഷൂസുകൾ എന്നിവയുടെ കളക്ഷനാണ് ഏറ്റവും കൂടുതലുള്ളത്. ഒമേഗ, ഗസ്, പൊലീസ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വാച്ചുകളുണ്ട്. ഷോപ്പിംഗിന് പോയാൽ ആദ്യം കണ്ണിലുടക്കുന്നത് വാച്ചാണ്.ഫോർ എവർ 21, ഫോർഎവർ ന്യൂ, ഗസ് എന്നിവയുടെ ബാഗുകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.വസ്ത്രങ്ങൾക്ക് അനുസരിച്ചാണ് ചെരുപ്പുകൾ ഉപയോഗിക്കുന്നത്. പെട്രോ, ഹഷ് പപ്പീസ് തുടങ്ങിയ ബ്രാൻഡുകളാണ് കൂടുതലുള്ളത്. ഷോപ്പിംഗിന് പ്രശസ്തമായ ചില മാർക്കറ്റുകളിലൂടെ നടക്കുമ്പോഴോ മേളകൾ കാണാൻ പോകുമ്പോഴോ ഒക്കെ വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാറുണ്ട്. അപ്പോൾ ബ്രാൻഡൊന്നും നോക്കണ്ട കാര്യമില്ല. ഇങ്ങനെ വാങ്ങുന്നവ മിക്സ് ആൻഡ് മാച്ച് ചെയ്താൽ അടിപൊളിയാകും. പെർഫ്യൂമുകളുടെയും നല്ല കളക്ഷനുണ്ട്. ലളിതമായ സുഗന്ധദ്രവ്യങ്ങളോടാണ് താത്പര്യം.
സിനിമയിൽ അഭിനയിക്കുന്നതുപോലെ ഇഷ്ടമുള്ള ജോലികളാണ് പരസ്യവും മോഡലിംഗും. മോഡലിംഗിലൂടെയാണ് എന്റെ തുടക്കം. വസ്ത്രത്തിന് ചേരുന്ന ആക്സസറികൾ എന്തൊക്കെയാണെന്നും ഓരോ കോസ്റ്റ്യൂമും അണിഞ്ഞ് എങ്ങനെ നടക്കണമെന്നുമൊക്കെ പഠിച്ചത് മോഡലിംഗിലൂടെയാണ്. 35 -ൽ അധികം പരസ്യങ്ങൾ ചെയ്തുകഴിഞ്ഞു. ഞാനൊരു സ്റ്റാർ ആയതുകൊണ്ടാണ് ബ്രാൻഡിന്റെ കാര്യത്തിൽ ഇത്രയും ശ്രദ്ധ പുലർത്തുന്നത്. ബ്രാൻന്റഡ് വസ്തുക്കൾ ഉപയോഗിച്ചാൽ നമുക്ക് ഇന്റർനാഷണൽ രീതിയിലുള്ള ട്രെൻഡ് പിന്തുടരാൻ കഴിയും. അത് മാറ്റിവച്ചാൽ എനിക്ക് ഇണങ്ങുന്നതെന്താണോ അതാണ് എന്റെ ഫാഷൻ.
എപ്പോഴും ഉത്സാഹത്തോടെയിരുന്നാൽ ഫിറ്റ്നസ് താനെ വരും. ചെറുപ്പം മുതലേ എവിടെയും അടങ്ങിയിരിക്കുന്ന സ്വഭാവം എനിക്കില്ല. വേണമെങ്കിൽ ഒരു ഫിറ്റ്നസ് ഫ്രീക്കാണെന്ന് പറയാം. ബാഡ്മിന്റൺ, കരാട്ടെ, തായ്ക്കോണ്ട, നീന്തൽ, ഭരതനാട്യം തുടങ്ങി ഒരുപാട് മേഖലകളിൽ കൈവച്ചിട്ടുണ്ട്.ചെറുപ്പം തൊട്ടേ ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട് വളരെ ഫ്ളക്സിബിളായ ശരീരമാണെന്റേത്. ഒന്നും ചെയ്യാതിരുന്നാൽ പെട്ടെന്ന് തടിവയ്ക്കും. പോരാത്തതിന് നന്നായി ഭക്ഷണം കഴിക്കുന്ന കൂട്ടത്തിലുമാണ്. നാടൻ ഭക്ഷണമാണ് കൂടുതലിഷ്ടം. കഥാപാത്രങ്ങൾക്ക് അനുസരിച്ച് തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. ഭാരം കൂട്ടാൻ എളുപ്പമാണ്. കൈയിൽ കിട്ടുന്നതെല്ലാം കഴിച്ചാൽ മതിയല്ലോ. ഡയറ്റിംഗ് ചെയ്യുമ്പോൾ ചപ്പാത്തിയാണ് പ്രധാന ഭക്ഷണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കും. എണ്ണയും എരിവും മധുരവുമെല്ലാം കുറയ്ക്കും. വയറുനിറയെ വെള്ളം കുടിക്കും. മനസിന്റെ ഏകാഗ്രതയ്ക്ക് വേണ്ടി യോഗയും ചെയ്യാറുണ്ട്. ശരീരം മാത്രമല്ല മനസും ഉഷാറായി ഇരുന്നാലെ മുഖം വെട്ടിത്തിളങ്ങൂ.