ന്യൂഡല്‍ഹി: രാജ്യത്ത് രോഗവ്യാപനം ആശങ്കാജനകമായി ഉയരുന്നതിനിടെ ആശ്വാസമായി പഠനറിപ്പോർട്ട്.. ഇന്ത്യയിൽ കൊവിഡ് രോഗവ്യാപനം സെപ്തംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ കുമാര്‍, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ രൂപാലി റോയ് എന്നിവര്‍ വ്യക്തമാക്കുന്നു. എപ്പിഡമോളജി ഇന്റര്‍നാഷണല്‍ ഇവർ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
'ബെയ്ലീസ് മോഡല്‍' എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഇരുവരും ഈ നിഗമനത്തില്‍ എത്തിയത്. റിലേറ്റിവ് റിമൂവര്‍ റേറ്റ് (ആര്‍.ആര്‍.ആര്‍.) എന്ന ഏകകമാണ് ഇതിനു സ്വീകരിക്കുന്നത്. എത്രപേര്‍ വൈറസ് ബാധിതരാകുന്നു അതില്‍ എത്രപേര്‍ക്ക് രോഗമുക്തിയോ മരണമോ സംഭവിക്കുന്നു എന്നതനുസരിച്ചാണ് ഇതു കണക്കാക്കുന്നത്. മേയ് 19ന് ആര്‍.ആര്‍.ആര്‍. 42 ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് 50 ശതമാനമാണ്. സെപ്തംബര്‍ പകുതിയാകുമ്പോള്‍ ഇത് നൂറുശതമാനമാകുമെന്ന് അനിൽകുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതേസമയം ഗണിതശാസ്ത്ര മാതൃകകള്‍ പൂര്‍ണമായും കുറ്റമറ്റതല്ലെന്നും ലഭിക്കുന്ന വിവരത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചാണ് അതിന്റെ കൃത്യതയെന്നും അദ്ദേഹം പറഞ്ഞു.