ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും സ്‌പെയിനിനെയും മറികടന്ന് ഇന്ത്യ ലോകത്ത് അഞ്ചാമതായി. രാജ്യത്ത് 2.4 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധിച്ചത്.സ്‌പെയിനിൽ ഇതുവരെ 2,41,310 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6642 ആയി ഉയർന്നു. രാജ്യത്ത് 1,14,073 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിനടുത്ത് പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിൽ മാത്രം 2700ലധികം പേർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 82968 ആയി. ഇന്നലെ മാത്രം 120പേർ മഹാരാഷ്ട്രയിൽ കൊവിഡ് മൂലം മരണപ്പെട്ടു. തമിഴ്നാട്ടിലും സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ മാത്രം ആയിരത്തി നാനൂറിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തോടടുക്കുകയാണ്. നാല് ലക്ഷത്തിലധികം പേർ മരണപ്പെട്ടു. യുഎസ്, ബ്രസീൽ, റഷ്യ, യുകെ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.