തിരുവനന്തപുരം: കഠിനംകുളം ബലാത്സംഗ കേസിലെ പ്രതി നൗഫൽ പിടിയിൽ.നൗഫലിന്‍റെ ആട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.കേസിൽ ചാന്നാങ്കര കഠിനംകുളം സ്വദേശികളായ മൻസൂർ (45),അക്ബർ ഷാ (23),അർഷാദ് (33),രാജൻ (50),അൻസാർ (29) എന്നിവർ നേരത്തെ പിടിയിലായിരുന്നു.സംഭവത്തിന് ശേഷം നൗഫൽ ഒളിവിലായിരുന്നു.
.
കേസിൽ ഇന്നലെ റിമാന്‍റ് ചെയ്ത പ്രതികളിൽ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ സമർപ്പിക്കും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമർപ്പിക്കുക എന്ന് അന്വേഷണ സംഘം അറിയിച്ചു.
വ്യാഴാഴ്ചയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. കഠിനംകുളത്തിന് സമീപം വെട്ടുതുറയിലെ സുഹൃത്ത് രാജന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞാണ് യുവതിയെ ഭർത്താവ് കൊണ്ടുവന്നത്. രാജന്റെ വീട്ടിൽ മൻസൂർ, അക്ബർ ഷാ, അർഷാദ്, നൗഫൽ എന്നിവർ മദ്യപിച്ചിരിക്കുകയായിരുന്നു. യുവതിക്ക് ഭർത്താവ് ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കൾക്ക് ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയെന്നാണ് മൊഴി.
മദ്യപാനം നടന്ന വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെയും മകനെയും പുറത്തുള്ള ആട്ടോയിൽ വലിച്ചുകയറ്റി. വാഹനത്തിൽ വച്ചുംആളൊഴിഞ്ഞ പറമ്പിലെത്തിച്ചും യുവതിയേയും കുഞ്ഞിനെയും അക്രമികൾ ക്രൂരമായി ഉപദ്രവിച്ചു. തുടയിൽ സിഗരറ്റ് കത്തിച്ച് പൊള്ളിച്ചു. അടിക്കുകയും മറ്റ് തരത്തിൽ ഉപദ്രവിക്കുകയും ചെയ്തു.
തടയാൻ ശ്രമിച്ച കുട്ടിയേയും ഉപദ്രവിച്ചു. മർദ്ദനത്തിനിടെ ബോധം നഷ്ടപ്പെട്ട യുവതി പിന്നീട് കുട്ടിയുടെ കരച്ചിൽ കേട്ടാണ് ഉണർന്നത്. രാത്രി പത്തു മണിയോടെ വഴിയിൽ കണ്ട ഒരു കാറിന് കൈകാണിച്ചു. കാറിലുണ്ടായിരുന്ന യുവാക്കളാണ് യുവതിയെ വീട്ടിലെത്തി എത്തിച്ചശേഷം സംഭവം പൊലീസിനെ അറിയിച്ചത്.