ബ്രിസ്‌ബേൻ: സ്രാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സർഫർ മരിച്ചു. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തെ പ്രശസ്തമായ ബീച്ചിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. മൂന്ന് മീറ്ററോളം വലിപ്പമുള്ള സ്രാവാണ് അക്രമിച്ചത്. അറുപത് വയസിനടുത്ത് പ്രായമുള്ളയാളാണ് മരിച്ചത്.
ബ്രിസ്‌ബെയ്നിൽ നിന്ന് 100 കിലോമീറ്റർ തെക്ക് കിംഗ്സ്‌ക്ലിഫിൽ സർഫിംഗ് നടത്തുകയായിരുന്ന ഇയാളുടെ കാലിൽ സ്രാവ് കടിക്കുകയായിരുന്നു. സ്രാവിനെ കീഴ്‌പ്പെടുത്തി, പരിക്കേറ്റ ആളെ കരയിൽ കയറ്റാൻ നിരവധിയാളുകൾ ശ്രമിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.
ഇടതു കാലിന് ഗുരുതരമായി പരുക്കേറ്റ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ക്വീൻസ്ലാന്റ് സംസ്ഥാനത്ത് നിന്നുള്ള 60 വയസുകാരനാണ് മരണപ്പെട്ടതെന്നാണ് സൂചന. ലോകത്തിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ സ്രാവ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാൽ മരണങ്ങൾ കുറവാണ്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ 27 ആക്രമണങ്ങളുണ്ടായെങ്കിലും മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് സിഡ്നിയിലെ തരോംഗ മൃഗശാലയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.