ന്യൂഡൽഹി: കൊവിഡ് വെെറസ് ഇനിയും കൂടുതൽ പേരിലേക്ക് പടരാൻ സാദ്ധ്യതയെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേരിയ. കൊവിഡ് കേസുകൾ ഇനിയും വർദ്ധിക്കാനുള്ള സമയം വരാൻ പോകുന്നതേയുള്ളൂ. ലോക്ക്ഡൗൺ വിജയകരമായെങ്കിലും കൊവിഡ് കേസുകൾ കുറയ്ക്കാൻ ഇത് സഹായകമായില്ല. കൊവിഡ് വലിയ രീതിയിൽ പടരാനുള്ള സമയം ഇനി വരാനിരിക്കുന്നതാണ്. രാജ്യത്ത് രോഗികൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ കണക്കിലെടുത്ത് ഇത് പ്രതീക്ഷിച്ചിരുന്നതുമാണ്.
ഇന്ത്യയെ മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ജനസംഖ്യ കൂടുതലാണ്. എന്നാൽ നമ്മളുടെ മരണ നിരക്ക് അവരുടേതിനേക്കാൾ വളരെ കുറവാണ്. ഡൽഹിയിൽ നാല് പേരിൽ ഒരാൾക്ക് പോസിറ്റീവ് ആകുന്ന എന്ന രീതിയിലാണ് പോകുന്നത്. ഡൽഹിയിലെയും മുംബയിലെയും ഹോട്ട്സ്പോട്ടുകളാണ് പ്രധാന കേന്ദ്രം. ഇവിടെയാണ് മിക്കവാറും ലോക്കൽ ട്രാൻസ്മിഷൻ നടക്കുന്നത്. 10 മുതൽ 12 നഗരങ്ങളിൽ വരെ ലോക്കൽ ട്രൻസ്മിഷന് സാദ്ധ്യതയുണ്ട്.-അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണിൽ ഇളവുകൾ വരത്തേണ്ടത് ആവശ്യമാണ്. എന്നാൽ രോഗികൾ കൂടുകയാണ്. ഇളവ് വരുത്താതിരുന്നാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ അടക്കം ബാധിക്കും. ലോക്ക് ഡൗൺ ആളുകൾ ഗൗരവത്തോടെ കാണണം. ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും അഭാവമുണ്ട്. ഇവ പരിഹരിക്കപ്പെടേണ്ടതുണ്ട്. നേരിയ ലക്ഷണങ്ങളുള്ള ആളുകളെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടതില്ല. അവർ സുഖംപ്രാപിച്ച് കൊള്ളും. അവർക്ക് ചികിത്സ ആവശ്യമില്ല എന്ന പാഠം ഞങ്ങളെ പഠിപ്പിച്ചു. ഇതുവഴി ഗൗരവകരമായ ലക്ഷണങ്ങളുള്ള രോഗികൾക്ക് കിടക്കകളും സൗകര്യങ്ങളും ഉറപ്പുവരുത്താനാകും.
വി.ഐ.പി രോഗികൾ എന്നതില്ല. എല്ലാതരം ആളുകളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. ഡൽഹി സർക്കാർ ശരിയായ തീരുമാനം ഇക്കാര്യത്തിൽ എടുത്തിട്ടുണ്ട്. ലക്ഷണങ്ങലില്ലാത്ത ആളുകളെ പരിശോധിക്കുന്നില്ല. രോഗലക്ഷണങ്ങളുള്ളവരെ നിർബന്ധമായും പരിശോധിക്കണം. എന്നാൽ ലക്ഷണമില്ലാത്തവരെ എങ്ങനെ പരിശോധിക്കും. ഡൽഹിയിൽ മാത്രമുള്ളവരെയല്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയും പരിപാലിക്കേണ്ടതുണ്ട്. അവർ രോഗികളാണെങ്കിലും അവർ ഇന്ത്യക്കാരുമാണ്. ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത് ആശങ്കപ്പെടുത്തിയിരുന്നു എന്നും എയിംസ് ഡയറക്ടർ പറഞ്ഞു.