pakistan

കറാച്ചി: കൊവിഡിന് പിന്നാലെ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും ക്ഷാമം രൂക്ഷം. ബലൂചിസ്ഥാനിലെ പമ്പ് സ്റ്റേഷനുകളെ ഇന്ധന വിതരണത്തിലെ കുറവ് സാരമായി ബാധിച്ചതായി പാക്കിസ്ഥാന്റെ ദി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ക്വറ്റയിൽ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ കാത്തിരിക്കുന്ന വാഹനങ്ങളുടെ എണ്ണം മൂന്നോ നാലോ ഇരട്ടി വർദ്ധിച്ചു.

കറാച്ചിയിലും സ്ഥിതിഗതികൾ ഭയാനകമാണ്. പമ്പ് ഉടമകൾ തങ്ങൾക്ക് മറ്റ് മാർഗങ്ങളില്ലെന്ന് പറയുന്നു. ഇന്ധനം ലഭിക്കാത്തത് മൂലം പല പമ്പുകളും വില ഉയർത്തുന്നു. പെട്രോൾ, ഡീസൽ വിതരണത്തിലെ കുറവ് തുടരുകയാണെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള പമ്പ് ഉടമകൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ലാഹോർ, പെഷവാർ, കറാച്ചി, ക്വറ്റ എന്നിവിടങ്ങളിലെ നിരവധി പമ്പുകൾ അടച്ചുപൂട്ടാനുള്ള നടപടികൾ ആരംഭിച്ചെന്നും, വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും പാകിസ്ഥാൻ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച വരെ സ്ഥിതി മോശമായിരുന്നെന്ന് ഓൾ പാകിസ്ഥാൻ പെട്രോളിയം റീട്ടെയിലേഴ്സ് അസോസിയേഷൻ ചെയർമാൻ സമീർ നജ്മുൽ ഹസ്സൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം,എണ്ണ വിപണന കമ്പനികൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായി പാകിസ്ഥാൻ സർക്കാർ കുറ്റപ്പെടുത്തി. ഇത്തരം ക്ഷാമം സൃഷ്ടിച്ച് എണ്ണ വിപണന കമ്പനികൾ നിയമവിരുദ്ധമായ ലാഭം നേടാൻ നോക്കുകയാണെന്ന് രാജ്യത്തെ വൈദ്യുതിയും പെട്രോളിയം മന്ത്രിയുമായ ഒമർ അയ്യൂബ് ഖാൻ പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ ഇന്ധനക്ഷാമമില്ലെന്നും അവരുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.