ന്യൂഡൽഹി: കൊവിഡിനിടയിൽ തങ്ങളുടെ ജോലിക്കാരെയും കുടുംബാംഗങ്ങളെയും ചാർട്ടേഡ് വിമാനത്തിൽ സുരക്ഷിതമായി ഇന്ത്യയിലേക്കയച്ച് ജ്വല്ലറി ഗ്രൂപ്പ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 170 ലധികം ജീവനക്കാരും കുടുംബാംഗങ്ങളും എയർ അറേബ്യ സർവീസ് നടത്തുന്ന ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിലേക്ക് പറന്നു. വ്യാഴാഴ്ച പുറപ്പെട്ട ഷാർജയിൽ നിന്ന് കേരളത്തിലെത്തിയ വിമാനത്തിൽ 25 കുട്ടികളടക്കം 171 യാത്രക്കാരുണ്ടായിരുന്നു.
'പ്രായമായവർ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർ, തൊഴിലാളികളുടെ കുടുംബാംഗങ്ങൾ, അവധിയിൽ പ്രവേശിച്ചവർ എന്നിങ്ങനെയുള്ളവർക്ക് ഞങ്ങൾ മുൻഗണന നൽകി, 'മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ സലാം കെ പി പറഞ്ഞു.
യുഎഇയിൽ നിന്ന് അഞ്ഞൂറോളം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുന്നതിനായി ഇത്തരം കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
ഈ വർഷം ഇന്ത്യയിൽ 18 സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും, വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട ടീം അംഗങ്ങൾക്ക് സ്റ്റോറുകളിൽ നിയമനം നൽകുന്നതിന് മുൻഗണന നൽകുമെന്നും ഗ്രൂപ്പ് അറിയിച്ചു.തങ്ങളുടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഗ്രൂപ്പിന്റെ ശ്രമത്തെ ദുബായിലെ കോൺസൽ ജനറൽ വിപുൽ പ്രശംസിച്ചു.