a-hemachandran-

" എന്റെ ആദ്യത്തെ ട്രെയിനിംഗ് വടകരയിലായിരുന്നു.അന്നവിടെ പ്രഭാകരൻനമ്പ്യാർ എന്നൊരു എസ്.പി ഉണ്ടായിരുന്നു.എസ്.ഐ യായി ജോലിയിൽ പ്രവേശിച്ച് പടിപടിയായി ഉയർന്നുവന്നയാളാണ് അദ്ദേഹം.തുടക്കക്കാരന്റെ പരിചയക്കുറവ് എനിക്കുള്ള കാലം.അന്ന് നമ്പ്യാർ പറഞ്ഞ ഒരു കാര്യം എന്നെ സർവ്വീസ് കാലയളവിലുടനീളം സ്വാധീനിച്ചിട്ടുണ്ട്. 'ഹേമചന്ദ്രൻ പൊലീസ്ജോലിയിൽ ചില ഘട്ടങ്ങളിൽ ആളുകൾ നമ്മളെ പ്രശംസിക്കും.ചില ഘട്ടങ്ങളിൽ നമ്മളെ ആക്ഷേപിക്കും.ഇത് രണ്ടും ഒരുപോലെ എടുക്കാൻ ശീലിക്കണം'. ഈ ഉപദേശം പൊലീസ് അക്കാഡമിയിലെയൊ ട്രെയിനിംഗ് കോളേജിലെയോ പരിശീലനത്തിൽ നിന്ന് കിട്ടുന്നതല്ല.അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് പറഞ്ഞതായിരുന്നു.അതുപോലെതന്നെ രമേശ് ചന്ദ്രഭാനുസാറിനൊപ്പം പ്രവർത്തിച്ചപ്പോൾ ഏത് കാര്യത്തിലും നിയമത്തിന്റെ സാധ്യത വളരെ വലുതാണെന്ന് അദ്ദേഹം പറയുമായിരുന്നു.കുറുക്കുവഴികൾ തേടാതെ തന്നെ നിയമത്തിന്റെ വഴിയെ മുന്നോട്ടു പോകാനാവുമെന്നും പറഞ്ഞിരുന്നു.രണ്ടുപേരും ഇന്ന് ജിവിച്ചിരുപ്പില്ല-"

ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിച്ച എ.ഹേമചന്ദ്രൻ സംസാരിക്കുകയായിരുന്നു .

കേരള പൊലീസിലെ സമർത്ഥനും നീതിമാനുമായ ഉദ്യോഗസ്ഥൻ ഹേമചന്ദ്രൻ ഈയിടെ സർവ്വീസിൽ നിന്ന് പിരിഞ്ഞപ്പോൾ, പൊതുവെ ചർച്ചചെയ്യപ്പെട്ട ഒരുകാര്യം, അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയാകാതെ (ക്രമസമാധാനപാലന ചുമതലയുള്ള ഡി.ജി.പി ആകാതെ ) അഗ്നിരക്ഷാസേനയുടെ തലപ്പത്തു നിന്ന് വിരമിക്കേണ്ടിവന്നതിനെക്കുറിച്ചായിരുന്നു.ഹേമചന്ദ്രനെപ്പോലൊരാൾ പൊലീസ് മേധാവിയാകാതെ പോയത് കേരള പൊലീസിന്റെ തന്നെ നഷ്ടമാണെന്നതിൽ ആർക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് ലഭിക്കേണ്ട പദവിയായിരുന്നു അത്.എന്നാൽ അതേക്കുറിച്ചുളള ചോദ്യങ്ങൾക്ക് ഹേമചന്ദ്രൻ നൽകിയ മറുപടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും സമൂഹത്തിലെ ഇന്നത്തെ പൊതുസാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതുമായിരുന്നു.അതാണ് ഇവിടെ പരാമർശിക്കുന്നത്.

പൊലീസ് മേധാവിയാക്കാതെ ഒതുക്കിയെന്ന് പലരും പറയുമ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. " ആത്യന്തികമായി ഒരു മനുഷ്യനെ ഒതുക്കാനോ ,പെരുക്കാനോ ആർക്കും കഴിയില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഏതെങ്കിലും ഒരു കസേരയിൽ പിടിച്ചിരുത്തിയതുകൊണ്ട് ഒരാളങ്ങ് ഒതുങ്ങുകയോ,വേറൊരിടത്ത് ഇരുത്തുമ്പോൾ അയാളങ്ങ് ബലൂൺ പോലെ വീർക്കുകയോ ഒന്നും ചെയ്യില്ല.അങ്ങനെയാകുന്നുണ്ടെങ്കിൽ അതിനെ നല്ല അവസ്ഥയായി കാണാനും കഴിയില്ല.ലഭിച്ച അവസരങ്ങൾ സമൂഹത്തിന് ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്തുകയെന്ന സമീപനമാണ് ഞാൻ എക്കാലവും സ്വീകരിച്ചിട്ടുള്ളത്.നമ്മൾക്ക് ഒരു റോൾ നിർവഹിക്കാനുള്ളപ്പോൾ മറ്റു പലതുമായെങ്കിൽ എന്ന് ചിന്തിക്കുന്നതുതന്നെ അർത്ഥശൂന്യമായ ഏർപ്പാടാണ്.ഏത് മേഖലയിൽ പ്രവർത്തിച്ചാലും വിശാലമായ താത്പ്പര്യമാണ് നമ്മളെ നയിക്കുന്നതെങ്കിൽ ഒരു പരിമിതികളുമില്ലാതെ ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും.അതിന് സ്ഥാനവും ഇന്ന പദവിതന്നെയും വേണമെന്നില്ല.പൊലീസ് സർവ്വീസിൽ ജനങ്ങളുമായി പ്രത്യേകിച്ചും താഴെത്തട്ടിലുള്ളവരുമായിട്ടൊക്കെ ഇടപഴകി പ്രവർത്തിക്കാൻ എനിക്ക് ഒട്ടേറെ അവസരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു തന്നെ ഡി.സി.പിയായും,ഡി.ഐ.ജിയായും,ഐ.ജിയായും ദക്ഷിണമേഖലാ എ.ഡി.ജി.പിയായുമൊക്കെ ക്രമസമാധാനപാലന ചുമതലയിൽ പ്രവർത്തിച്ചിരുന്നു.ഇതിനിടെയാണ് സ്വന്തം താത്പ്പര്യാർത്ഥം അഞ്ചുവർഷം ഡെപ്യൂട്ടേഷനിൽ പൊലീസ് അക്കാഡമിയിലേക്ക് പോയത്. ദീർഘമായ ഒരു കരിയറിന്റെ അവസാനത്തെ ഒന്നോ രണ്ടോ വർഷമുള്ള, പരിമിതമായ ആ ഒരു കാലം മാത്രമാണ് ,അല്ലെങ്കിൽ അപ്പോൾ വഹിക്കുന്ന പദവിയാണ് പ്രസക്തമെന്ന് ചുരുക്കിക്കാണാൻ ആഗ്രഹിക്കുന്നില്ല." -ഹേമചന്ദ്രൻ തുറന്നു പറഞ്ഞു.

നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണത പ്രമുഖ പദവിയിൽ നിന്ന് വിരമിക്കുന്നവർ ഉടൻ തന്നെ അടുത്ത ലാവണം ഉറപ്പിച്ചിട്ടുണ്ടാകുമെന്നതാണ്.മുൻ ചീഫ്സെക്രട്ടറിമാരിലും മുൻ പൊലീസ് മേധാവികളിലും പലരും ഇപ്പോൾ എന്തുചെയ്യുന്നുവെന്ന് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.അതിന് അപവാദമായിട്ടുള്ളവർ വിരളമായിരിക്കും.ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഹേമചന്ദ്രന്റെ മറുപടി ഈ വിധമായിരുന്നു. " ഉദ്യോഗസ്ഥരിൽ ചിലർ സർവ്വീസിൽ നിന്ന് വിരമിച്ചാൽ ഏതെങ്കിലും രൂപത്തിൽ സർക്കാർ സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്നതിനായി കിണഞ്ഞുശ്രമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.റിട്ടയർ ചെയ്ത് വർഷങ്ങളോളം ഈ സംവിധാനത്തിന്റെ ഭാഗമായി നിന്നെങ്കിലെ ഒരു മനുഷ്യന് നിലനിൽപ്പുള്ളു എന്നൊരു അവസ്ഥ വരുന്നതിനോട് എനിക്ക് യോജിപ്പില്ല.ഞാൻ ദീർഘമായി ജീവിതം പ്ളാൻ ചെയ്ത് കരുക്കൾ നീക്കി മുന്നോട്ടുപോകുന്ന വ്യക്തിയല്ല."

ഒരു പദവിക്കും വേണ്ടി താൻ പ്രവർത്തിച്ചിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു." ഇന്നരീതിയിൽ പ്രവർത്തിച്ചാൽ അത് നിങ്ങളെ ഇന്ന സ്ഥാനത്തെത്തിക്കും എന്ന കണക്കുകൂട്ടിയല്ല ഒരു ഐ.പി.എസ്.ഉദ്യോഗസ്ഥൻ ജോലി ചെയ്യേണ്ടത്.ചെസ് കളിക്കുന്നവർക്കറിയാം.അതിൽ ഒരു ഓപ്പണിംഗ് ഗെയിമും, മിഡിൽ ഗെയിമും, എൻഡ് ഗെയിമും ഉണ്ടെന്ന്.ചെസ് പോലെ സർവ്വീസിനെ കാണരുത്.അതായത് ഇന്ന നീക്കം നടത്തിയാൽ ,ഇത്രനീക്കം കഴിയുമ്പോൾ നമ്മൾ ഇന്ന സ്ഥലത്തെത്തുമെന്ന നിലയിൽ സർവ്വീസിനെ കാണരുത്.ഐ.പി.എസിൽ നമ്മൾ ഊന്നൽ നൽകേണ്ടത് സർവ്വീസിനാണ്.ഏത് പദവി വഹിച്ചപ്പോഴും ഞാൻ അവിടെ ഇരിക്കുമോയെന്നോ,മാറ്റപ്പെടുമെന്നോ ചിന്തിച്ചിട്ടല്ല പ്രവർത്തിച്ചിരുന്നത്.."

ജീവനക്കാരുടെ കർമ്മശേഷി പ്രയോജനപ്പെടുത്തുന്നതിൽ നമ്മുടെ സംവിധാനങ്ങൾക്ക് വലിയ പരിമിതിയുണ്ടെന്ന് വിശദീകരിച്ച ഹേമചന്ദ്രൻ പൊലീസിൽ അഴിമതി കൂടിയോയെന്ന ചോദ്യത്തിന് നൽകിയ മറുപടി ചർച്ച ചെയ്യപ്പെടേണ്ടതാണ്. " ഇക്കാര്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പൊലീസിലെന്നല്ല, എല്ലാ രംഗത്തും കേരളത്തിൽ അഴിമതി കുറവാണ്.എന്നാൽ കേരളത്തെ മുൻകാല കേരളവുമായി താരതമ്യപ്പെടുത്തിയാൽ അഴിമതി ക്രമാനുഗതമായി വർദ്ധിച്ചുവരികയുമാണെന്നാണ് എന്റെ നിരീക്ഷണം."

രാഷ്ട്രീയക്കാരുമായി ഇടപഴകുമ്പോൾ ഒരു ഉദ്യോഗസ്ഥൻ ശ്രദ്ധിക്കേണ്ടത് എന്താണ് ?

മറുപടി ഇങ്ങനെ- "പൊതുരംഗത്ത് പ്രവർത്തിക്കുന്നവരുമായി ആരോഗ്യകരമായി നല്ലൊരു ബന്ധം സൂക്ഷിക്കുന്നത് വളരെ നല്ലതാണ്.ആരോഗ്യകരമായ ബന്ധം എന്നാൽ അതൊരു ക്വാസി ബന്ധമാകാൻ പാടില്ല.എന്നു പറഞ്ഞാൽ വല്ലാത്ത ഒരു കൊടുക്കൽ വാങ്ങൽ പോലെ അത് മാറരുത്. നോ പറയേണ്ടയിടത്തും അപ്രിയ സത്യം പറയാനുള്ള സാഹചര്യങ്ങളിൽ അതും പറയാനുമുള്ള സ്വാതന്ത്ര്യം നിലനിർത്താൻ കഴിയണം.ഒരു രാഷ്ട്രീയ പാർട്ടിയിലെ ഒരു നേതാവോ വ്യക്തിയോ ഇന്ന കാര്യം പറഞ്ഞാൽ ഈ ഉദ്യോഗസ്ഥൻ കണ്ണുമടച്ച് ചെയ്യുമെന്ന് കരുതാൻ ഞാൻ അവസരം നൽകിയിട്ടില്ല.അപ്രിയ സത്യങ്ങൾ പറയേണ്ട അവസരങ്ങളിൽ പറയേണ്ട വ്യക്തികളോട് പറയുകയും, പറയാൻ പാടില്ലാത്ത സ്ഥലങ്ങളിൽ പറയാതിരിക്കുകയും ചെയ്തിട്ടുണ്ട് " --അദ്ദേഹം വ്യക്തമാക്കി.

ഹേമചന്ദ്രൻമാരുടെ കുറവ് എല്ലായിടത്തും പ്രകടമാകുന്നു.