kaumudy-news-headlines

1. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,46,628 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് ഇരിക്കുന്നത്. ശനിയാഴ്ച മാത്രം 9,887 പേര്‍ക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 287 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 6,929 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ ആണ്. ഇവിടെ ശനിയാഴ്ച 2,739 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 82,968 ആയി. ഇവിടെ 2,969 പേര്‍ രോഗം ബാധിച്ചു മരിച്ചു. തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.


2. ഇതോടെ കൊാവിഡ് വ്യാപനത്തില്‍ ഇന്ത്യ സ്‌പെയിനിനെ മറികടന്നു. ഇതോടെ ആകെ കേസുകളുടെ കാര്യത്തില്‍ ലോകത്ത് ഇന്ത്യ അഞ്ചാം സ്ഥാനത്തായി. സംസ്ഥാനങ്ങളുടെ കണക്കു പ്രകാരം രാജ്യത്ത് ആകെ കേസുകള്‍ 2,47,000 ത്തിലേക്ക് അടുക്കുകയാണ്. യു.പിയില്‍ ആകെ രോഗബാധിതര്‍ പതിനായിരം കടന്നു. വെറും 48 മണിക്കൂര്‍ കൊണ്ടു ഇറ്റലിയെയും സ്‌പെയിനിനെയും പിന്നിലാക്കി കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ ആശങ്ക ഉയര്‍ത്തുക ആണ്. ലോക ഭൂപടത്തില്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ ഇനി അമേരിക്ക, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ മാത്രം. രോഗവ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്.
3. രാജ്യത്ത് കേസുകള്‍ ഇരട്ടിക്കുന്നതിന് എടുക്കുന്ന സമയം 17 ദിവസമാണ്. കഴിഞ്ഞ മൂന്നു ദിവസമായി പതിനായിരത്തിന് അടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 28,000 കേസുകളുള്ള ഡല്‍ഹിയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1,320കേസുകള്‍. 370പേര്‍ക്ക് രോഗം പതിനായിരത്തില്‍ അധികം കേസുകളുള്ള ആറാമത്തെ സംസ്ഥാനമാണ് യു.പി. 435 കേസുകളും ആയി ബംഗാളിലും 71 കേസുകളും ആയി ഗോവയിലും ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. 750കേസുകളുള്ള ത്രിപുര വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആശങ്ക ഉയര്‍ത്തുകയാണ്
4. വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫ് മേഖലയില്‍ നിന്നടക്കം ഇന്ന് 10 വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും. ലണ്ടന്‍, തെക്കന്‍ കൊറിയ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നത്തെ സര്‍വീസുകള്‍. കേരളത്തിലേക്ക് യു.എ.ഇയില്‍ നിന്ന് ഉള്‍പ്പെടെ രണ്ട് വിമാനങ്ങള്‍ എത്തും. ഇതിനിടെ സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടി ആക്കിയിട്ടുണ്ട്. വന്ദേഭാരത് മൂന്നാം ഘട്ടത്തിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ എയര്‍ ഇന്ത്യ ആരംഭിച്ചിരുന്നു. യു.എസ്.എ, കാനഡ, യു.കെ, യൂറോപ്പിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 300 വിമാന സര്‍വ്വീസുകളിലേക്ക് ആണ് ബുക്കിങ്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്ക് അകം പതിനായിരങ്ങള്‍ ആണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ 22,000 സീറ്റുകള്‍ ബുക്ക് ചെയ്തിരുന്നു.
5. കോട്ടയം താഴത്തങ്ങാടി കൊലക്കേസില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി മുഖ്യ പ്രതി ബിലാല്‍. ബിലാല്‍ മോഷണം നടത്തിയത് അസമിലുള്ള കാമുകിയുടെ അടുത്ത് എത്താന്‍. അസം സ്വദേശിയെ പരിജയപ്പെട്ടത് ഓണ്‍ലൈന്‍ വഴി. ബാലാലിന് അഞ്ച് ഭാഷകള്‍ അറിയാമെന്ന് പൊലീസ്. ഓണ്‍ലൈന്‍ ചൂതാട്ടം വഴി പണം കണ്ടെത്തിയിരുന്നു. രണ്ടാംഘട്ട ചോദ്യം ചെയ്യലിലാണ് കവര്‍ച്ചയിലേക്ക് നയിച്ച കാരണങ്ങള്‍ പ്രതി വിശദീകരിച്ചത്. പ്രതിയെ ഇന്ന് ആലപ്പുഴയിലെ ലോഡ്ജിലും ചെങ്ങളത്തും എത്തിച്ച് തെളിവെടുക്കും. ബിലാല്‍ മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയാണെന്ന് പിതാവ് നിസാമുദീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പബ്ജിക്കപ്പുറം ഓണ്‍ലൈന്‍ റമ്മിയായിരുന്നു ബിലാലിന്റെ ഇഷ്ടഗെയിം. ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചുള്ള കളിയിലൂടെ ഒരു ദിവസം അയ്യായിരം രൂപ വരെ ബിലാല്‍ നേടിയിരുന്നു എന്നും കണ്ടെത്തല്‍
6. പണം കണ്ടെത്താനാണ് മോഷണം തുടങ്ങിയത് എന്നാണ് ബിലാലിന്റെ മൊഴി. വാഹനങ്ങളുടെ ബാറ്ററി ഉള്‍പ്പെടെ മോഷ്ടിച്ച ബിലാലിന് ബാറ്ററി ബിലാലെന്ന ഇരട്ടപ്പേരുമുണ്ട്. കൂടുതല്‍ പണം ഒറ്റയടിക്ക് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അബ്ദുല്‍ സാലിയുടെ വീട്ടിലെത്തിയത്. ആ കവര്‍ച്ചാശ്രമം കൊലപാതകത്തില്‍ കലാശിച്ചു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളും പ്രതി അതി ബുദ്ധിമാന്‍ ആണെന്ന് തെളിയിക്കുന്നു. തെളിവെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
7. ഇന്ത്യ ചൈന തര്‍ക്കം തീര്‍ക്കാന്‍ ചര്‍ച്ച തുടരുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ ആണ് തുടരുക. ചര്‍ച്ച സൗഹൃദ അന്തരീക്ഷത്തില്‍ ആയിരുന്നു എന്ന് മന്ത്രാലയം വ്യക്തമാക്കി. മോദി ഷി ജിന്‍പിംഗ് ഉടമ്പടിയുടെ അടിയസ്ഥാനത്തില്‍ പ്രശ്ങ്ങള്‍ പരിഹരിക്കും. ഉഭയകക്ഷി കരാറുകളും ആധാരമാക്കും. ലഡാക്കില്‍ ഏപ്രിലില്‍ ഉണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ പോകണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഒരുമാസമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന സുപ്രധാന സൈനികതല ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കുന്നത് നിര്‍ത്തണമെന്നും നിലവില്‍ എത്തിച്ച് ഇരിക്കുന്നവരെ മുഴുവന്‍ തിരികെ അയയ്ക്കണമെന്നും ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.