s-presso

കണ്ടറിഞ്ഞ് കാശ് ചെലവാക്കണമെന്ന പാഠം കൂടിയാണ് ഈ ലോക്ക്ഡൗൺകാലം നമ്മെ പഠിപ്പിച്ചത്. ആർഭാടങ്ങൾ കുറഞ്ഞു. മിക്കവരും ചെലവ് ചുരുക്കാൻ ശീലിച്ചു. വാഹന വിപണിയിലും ഈ സാഹചര്യത്തിൽ ബഡ്‌ജറ്റ് കാറുകൾക്ക് പ്രിയമേറുകയാണ്. സ്വന്തമായി ഒരു കാർ എന്ന സ്വപ്‌നം കണ്ടവർ, ബഡ്‌ജറ്റ് കാറുകളിലൂടെ അതു പൂവണിയിക്കുന്നു.

ഇടത്തരം വരുമാനക്കാരന്റെ കീശയിലൊതുങ്ങുന്ന ഒട്ടേറെ കാറുകൾ വിപണിയിലുണ്ട്. വില കുറവെങ്കിലും മികവിൽ മുന്നിട്ടുനിൽക്കുന്നവർ. അവയിൽത്തന്നെ മിക്കതും 'ഫാമിലി കാർ" എന്ന വിശേഷണം സ്വന്തമാക്കിയവർ. നിലവിലെ, സാഹചര്യത്തിൽ ചെറിയ യാത്രകൾക്കും ജോലിക്ക് പോകാനുമാണ് കൂടുതൽ പേരും സ്വന്തം വാഹനം വേണമെന്ന് ചിന്തിക്കുന്നത്. സമ്പദ്‌ഞെരുക്കം ഉള്ളതിനാൽ ഹൈ-എൻഡ് സെഡാൻ കാറുകൾ വേണമെന്ന് ആശിച്ചവർപോലും ബഡ്‌ജറ്റ് കാറുകളിലേക്ക് ശ്രദ്ധ തിരിച്ചുകഴിഞ്ഞു.

ലോക്ക്ഡൗണിൽ മങ്ങിപ്പോയ വിപണിയിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാനും വില്പന സജീവമാക്കാനും നിർമ്മാതാക്കൾ ഒട്ടേറെ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 'ബയ് നൗ, പേ ലേറ്റർ" ഓഫറാണ് മാരുതി നൽകുന്നത്. കാർ ഇപ്പോൾ വാങ്ങാം, ഇ.എം.ഐ രണ്ടുമാസത്തിന് ശേഷം അടച്ചുതുടങ്ങാം. ആദ്യ മൂന്നുമാസത്തെ പേമെന്റിന് കുറഞ്ഞ ഇ.എം.ഐയാണ് ഹ്യുണ്ടായിയുടെ വാഗ്‌ദാനം.

ഡാറ്റ്‌സൺ റെഡി-ഗോ

വില 2.83 ലക്ഷം രൂപ മുതൽ. റെഡി-ഗോയുടെ അപ്‌ഡേറ്റഡ് മോഡൽ അടുത്തിടെ ഇന്ത്യയിലെത്തി. പുത്തൻ സ്‌റ്റൈലിംഗ്, പുതിയ ടെക്‌നോളജി എന്നിങ്ങനെ ഒട്ടേറെ മാറ്റങ്ങൾ കാണാം. ഷാർപ്പായിട്ടുള്ള ഹെഡ്‌ലാമ്പുകൾ, അതിൽ എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്രുകൾ (ഡി.ആർ.എൽ), ഡ്യുവൽ-ടോൺ വീൽകവർ, എൽ.ഇ.ഡി ടെയ്‌ൽ ലാമ്പ് എന്നിവയാൽ മനോഹരമാണ് പുറംമോടി.

സ്‌മാർട്‌ഫോൺ കണക്‌ടിവിറ്റിയോട് കൂടിയ, 8-ഇഞ്ച് ടച്ച് സ്‌ക്രീനാണ് അകത്തളത്തിലെ പ്രധാന ആകർഷണം. റിയൽ പാർക്കിംഗ് കാമറയുണ്ട്; സെൻസറുകളുമുണ്ട്. രണ്ട് എൻജിൻ ഓപ്‌ഷനുകളിൽ റെഡി-ഗോ ലഭിക്കും. ഒന്ന്, 800 സി.സി; മറ്റൊന്ന് ഒരു ലിറ്റർ. രണ്ടിനും ഓട്ടോമാറ്റിക്, മാനുവൽ ഗിയർ ട്രാൻസ്‌മിഷൻ പതിപ്പുകളുമുണ്ട്.

റെനോയുടെ ക്വിഡ്

പേരുപോലെ തന്നെ, വളരെ ക്യൂട്ടായ കാറാണ് കാഴ്‌ചയിൽ ക്വിഡ്. ഈ ജനപ്രിയ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് റെനോ അടുത്തിടെ വിപണിയിലെത്തിച്ചു. റെഡി-ഗോയ്ക്ക് സമാനമായ ഫീച്ചറുകൾ, എൻജിൻ ഓപ്‌ഷനുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ എന്നിവയോട് കൂടിയ എട്ടിഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, സമ്പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ളസ്‌റ്റർ എന്നിവ കാണാം. രണ്ട് എയർ ബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം (എ.ബി.എസ്), റിയർ പാർക്കിംഗ് സെൻസർ, റിയർവ്യൂ കാമറ എന്നിവയും മികവുകളാണ്. വില 2.92 ലക്ഷം രൂപ മുതൽ.

മാരുതി സുസുക്കി ഓൾട്ടോ

ഇന്ത്യയിൽ ഓൾട്ടോയോളം സ്വീകാര്യത നേടിയ മറ്റൊരു കാറില്ല. പുതിയ പതിപ്പുകൾ ഇറങ്ങിയെങ്കിലും വില്പനയിൽ മുന്നിൽ തന്നെ തുടരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിലും ഓൾട്ടോയുടെ പരിഷ്‌കരിച്ച പതിപ്പ് മാരുതി വിപണിയിലിറക്കി. വില 2.95 ലക്ഷം രൂപ മുതൽ. 40 പി.എസ് കരുത്തും 69 എൻ.എം മീറ്റർ ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് ഓൾട്ടോയുടെ ഈ ഫേസ്‌ലിഫ്‌റ്റിന്റെ എൻജിൻ.

മാരുതിയുടെ സ്‌മാർട്ട്പ്ളേ സ്‌റ്റുഡിയോ 7-ഇഞ്ച് ഇൻഫോടെയ്‌ൻമെന്റ് ടച്ച് സ്‌ക്രീനാണ് അകത്തളത്തിലെ മുഖ്യാകർഷണം. ബ്ളൂടൂത്ത് കണക്‌ടിവിറ്റിയുമുണ്ട്. സിൽവറിനെ ഫലപ്രദമായി ഉപയോഗിച്ച്, അകത്തളത്തെ ഫ്രഷ് ആയി നിലനിറുത്തിയിട്ടുണ്ട് മാരുതി. പുറംമോടി ഇപ്പോഴും ലളിതമാണ്. ആർഭാടങ്ങളില്ല.

മാരുതി എസ്-പ്രസോ

വില 3.71 ലക്ഷം രൂപ മുതൽ. എസ്.യു.വിയുടെ ലുക്കും സവിശേഷതകളുമുള്ള ഒരു ഹാച്ച്ബാക്ക്. അതാണ്, മാരുതി സുസുക്കിയുടെ എസ്-പ്രസോ. സ്വന്തമായി ഒരു എസ്.യു.വി വേണമെന്ന സാധാരണക്കാരന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കുറഞ്ഞ ബഡ്‌ജറ്റിൽ മാരുതി ഒരുക്കിയ താരം. കാഴ്‌ചയിൽ തന്നെ, 'വലിയ കാർ" എന്ന ലുക്ക് എസ്-പ്രസോയ്ക്കുണ്ട്.

പൗരുഷഭാവമുള്ള മുഖവും ആരെയും ആകർഷിക്കും. മാരുതിയുടെ സ്‌മാർട്‌പ്ളേ 2.0 ഇൻഫോടെയ്‌ൻമെന്റ് സംവിധാനം അകത്തളത്തിൽ കാണാം. ആപ്പിൾ കാർപ്ളേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയതാണിത്. ബി.എസ്-6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന, ഒരു ലിറ്റർ എൻജിനാണ് എസ്-പ്രസോയുടെ ഹൃദയം. 5-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനാണ് ഗിയർ സംവിധാനം.

ഹ്യുണ്ടായ് സാൻട്രോ

ഹ്യുണ്ടായിയുടെ മികച്ച സ്വീകാര്യത നേടിയ സാൻട്രോയുടെ പുതിയ പതിപ്പും കമ്പനി അവതരിപ്പിച്ചു. വില 4.57 ലക്ഷം രൂപ മുതൽ. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായിക്ക് സ്ഥിരസാന്നിദ്ധ്യം സമ്മാനിച്ച മോഡലാണ് സാൻട്രോ. ശ്രേണിയിൽ തന്നെ ആദ്യം എന്ന പെരുമയോടെ ഒട്ടേറെ പുത്തൻ ഫീച്ചറുകൾ പുതിയ പതിപ്പിൽ കാണാം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ എന്നിവയോട് കൂടിയ 6.94 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ മികവാണ്. വോയിസ് റെക്കഗ്‌നീഷൻ, റിയർ പാർക്കിംഗ് സെൻസറും കാമറയും എന്നിങ്ങനെയുമുണ്ട് സവിശേഷതകൾ.