പാട്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിക്കെതിരെ പാട്നയിൽ പ്രതിഷേധം. ആർ.ജെ.ഡി നേതാക്കളായ റാബ്രി ദേവി, തേജസ്വി യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്ലേറ്റ് കൊട്ടിയാണ് പ്രതിഷേധം. നേരത്തെ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സമ്മേളനങ്ങൾ നടത്താൻ കഴിയാത്തതിനാലാണ് ഹെെട്ടെക് റാലിക്ക് ബി.ജെ.പി തുടക്കം കുറിക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നതും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം ഉയർത്തിക്കാട്ടിയുമാണ് ആർ.ജെ.ഡിയുടെ പ്രതിഷേധം. ബീഹാറിലെ ജനങ്ങൾക്ക് ആർജെഡിയെ കുറിച്ച് നന്നായി അറിയാം. പാത്രങ്ങൾ മുട്ടി അവർ കയ്യടിക്കുന്നു. ആരെയും ദ്രോഹിച്ചിട്ടില്ല-ആർ.ജെ.ഡി നേതാവ് പറഞ്ഞു.
അതേസമയം, മോദി സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി നടത്തുന്ന വെർച്വൽ റാലികളുടെ ഭാഗമായാണ് അമിത് ഷാ ഇന്ന് ഓൺ ലൈനിലൂടെ ബീഹാറിലെ ജനങ്ങളെ അഭിസംബോധന ചെയ്യുക. ബി.ജെ.പി തങ്ങളുടെ പരിപാടി വൻ വിജയമാക്കാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.
അമിത് ഷായുടെ പ്രസംഗം കേൾക്കാൻ 72,000ൽ ഏറെ ബൂത്തുകളിലും പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യൂട്യൂബിലും ഫേസ്ബുക്ക് ലൈവിലും നമോ ആപ്പിലുമായി അഞ്ചു ലക്ഷം പ്രവർത്തകർ ഷായുടെ പ്രസംഗം കേൾക്കുമെന്ന് ബി.ജെ.പി പറയുന്നു. ബൂത്തുതലം മുതലുള്ള പ്രവർത്തകരെ പുതിയ കാലഘട്ടത്തിന്‍റെ ആശയവിനിമയ സാങ്കേതിക വിദ്യകളിൽ പരിചയസമ്പന്നരാക്കാൻ ബി.ജെ.പിക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം. പാർട്ടിയുടെ പരിപാടികളും പദ്ധതികളുമെല്ലാം ഓൺലൈനിലൂടെയാണ് പ്രവർത്തകരെ ഇപ്പോൾ അറിയിക്കുന്നത്.
സൂം യോഗങ്ങൾ, വാട്സ്ആപ് ഗ്രൂപ്പുകൾ എന്നിവയൊക്കെ പാർട്ടി പ്രവർത്തകർക്കു പരിചിതമാണ്. അതുകൊണ്ടുതന്നെ അമിത് ഷായുടെ പ്രസംഗം കേൾക്കുമ്പോൾ അവർക്ക് അപരിചിതത്വം തോന്നില്ല- ബി.ജെ.പി വക്താവ് നിഖിൽ ആനന്ദ് പറയുന്നു. സംസ്ഥാന പ്രസിഡന്‍റ് ഡോ.സഞ്ജയ് ജയ്സ്വാൾ താഴെത്തട്ടുവരെയുള്ള നേതാക്കളുമായി വീഡിയോ യോഗങ്ങളിൽ സംസാരിക്കാറുണ്ട്. കൊവിഡ് സാഹചര്യത്തിൽ കൂറ്റൻ റാലികളും സമ്മേളനങ്ങളും നടത്താനാവാത്തതിനാലാണ് പൂർണമായും സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത്.
ബി.ജെ.പി മാത്രമല്ല തങ്ങളും ഡിജിറ്റൽ സൗഹൃദമാണെന്നാണ് ആർ.ജെ.ഡി വക്താവ് മൃത്യുഞ്ജയ് തിവാരി അവകാശപ്പെടുന്നത്. തേജസ്വി യാദവ് സൂം മീറ്റിങ്ങുകൾ നടത്താറുണ്ട്. ഞങ്ങൾക്ക് വാട്സാപ്പ് ഗ്രൂപ്പുകളുമുണ്ട്. പക്ഷേ, കൊവിഡ് പ്രതിരോധത്തിന്‍റെ കാലത്ത് രാഷ്ട്രീയത്തെക്കുറിച്ചു ഞങ്ങൾ ചിന്തിക്കുന്നില്ല- തിവാരി പറയുന്നു.
കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ബീഹാർ സർക്കാരിന്‍റെ പരാജയം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ തങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് കോൺഗ്രസ് സെക്രട്ടറി ചന്ദൻ യാദവ് പറഞ്ഞു. നിരവധി ക്യാംപെയ്നുകൾ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ കോൺഗ്രസ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഹാമാരിക്കാലത്ത് ബി.ജെ.പി തിരഞ്ഞെടുപ്പു രാഷ്ട്രീയം കളിക്കുന്നതിനെ കോൺഗ്രസും വിമർശിച്ചു.
45 സംഘടനാ ജില്ലകൾ, 1,100 മണ്ഡലുകൾ, 9,000 ശക്തികേന്ദ്രകൾ, 72,000 ബൂത്തുകൾ എന്നിങ്ങനെയാണ് ബീഹാറിൽ ബി.ജെ.പിയുടെ സംഘടനാ സംവിധാനം.
तुम जो कर रहे हो गरीबों पर अत्याचार, ये है उसका प्रतिकार..! pic.twitter.com/ESzFyqmiFp
— Tej Pratap Yadav (@TejYadav14) June 7, 2020