റിയാദ്: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ടാകുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികളുള്ളത് സൗദി അറേബ്യയിലാണ്, 98,869 പേർ. രണ്ടാംസ്ഥാനത്ത് ഖത്തറാണ്, 67,195 പേർ. മരണനിരക്കിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ സൗദിയും യു.എ.ഇയുമാണ്. സൗദിയും ഖത്തറും ഉൾപ്പടെ നിയന്ത്രണങ്ങളിൽ വലിയതോതിൽ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്. അതേസമയം, കൊവിഡിന് ശേഷം ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തികമേഖല ഇനിയൊരിക്കലും പഴയതുപോലെയാകില്ല എന്നാണ് വിലയിരുത്തൽ. പ്രവാസികളിൽ കുറേപ്പേരെ നാടുകളിലേക്ക് തിരിച്ചയച്ചെങ്കിലും നല്ലൊരു ശതമാനം ഇപ്പോഴും ഇവിടെ കഴിയുകയാണ്. ലേബർ ക്യാമ്പുകളിൽ കഴിഞ്ഞവരെ പ്രത്യേക സ്ഥലത്താണ് പാർപ്പിച്ചിരിക്കുന്നത്. ഇവർക്ക് ആവശ്യമുള്ള ഭക്ഷണവും മറ്റും സർക്കാർ നൽകുന്നുണ്ട്. എൻ.ഒ.സി ഒഴിവാക്കി ഒമാൻ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്‌ജക്ഷൻ നിയമം (എൻ.ഒ.സി നിയമം) ഒമാൻ ഒഴിവാക്കി. ഇത് പ്രകാരം ഒരു തൊഴിലുടമക്ക് കീഴിൽ രണ്ട് വർഷം പൂർത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കിൽ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാം. ഇതിന് തൊഴിൽ കരാറിന്റെ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചുവിട്ടതിന്റെയോ തൊഴിൽ കരാർ അവസാനിപ്പിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാൽ മതിയെന്ന് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തി പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്.ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ഷിറൈഖി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അടുത്ത വർഷം ജനുവരി ഒന്നുമുതലാകും എൻ.ഒ.സി ഒഴിവാക്കൽ പ്രാബല്ല്യത്തിൽ വരുക. ഗൾഫ് കൊവിഡ് മീറ്റർ സൗദി അറേബ്യ 98,869 - 676 ഖത്തർ 67,195 - 51 യുഎഇ 38,268 - 275 ഒമാൻ 16,016 - 72 ബഹ്റൈൻ 14,383 - 25 കുവൈറ്റ് 31.131 - 254