ന്യൂഡൽഹി: ഭീകര സംഘടനയായ ഐസിസുമായി ബന്ധം സംശയിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്ത ഹിന ബഷീർ ബീഗിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഡൽഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ മാർച്ചിലാണ് ബീഗ് എൻ.ഐ.എ കസ്റ്റഡിയിലാവുന്നത്.
കസ്റ്റഡിയിലെടുക്കുമ്പോൾ മൂന്ന് പ്രതികൾക്ക് കൊവിഡ് നെഗറ്റീവായിരുന്നു. ബീഗ് അടക്കമുള്ളവരെ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്നറിയാൻ ഒമ്പത് ദിവസമായി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനിടെ ബീഗ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. പിന്നീട് പരിശോധനഫലം പുറത്തുവന്നപ്പോൾ പോസിറ്റീവായിരുന്നു. അപ്പോൾത്തന്നെ പാട്യാല മജിസ്ട്രേറ്റിൽ വിവരം അറിയിച്ചു.
ഇവരെ ആശുപത്രിയിൽ നിന്ന് ചോദ്യം ചെയ്യാൻ അനുവാദം വാങ്ങിയതായി അഭിഭാഷകൻ എം.എസ് ഖാൻ പറഞ്ഞു. ചികിത്സയ്ക്കായി ഇവരെ ഡൽഹി ലോക്‌നായ്‌ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബീഗിന്റെ ഭർത്താവ് ഇതുവരെ കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല.
ബീഗിന് എങ്ങനെ കൊവിഡ് ബാധിച്ചെന്ന് വ്യക്തമായിട്ടില്ല. ഉറവിടം അന്വേഷിക്കുകയാണ്. കേസ് അന്വേഷിക്കുന്ന മുഴുവൻ ടീമിനോടും ക്വാറന്റെെനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ ഏഴ്-എട്ട് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാശ്മീരി ദമ്പതികളായ ബീഗ്(39), ഭർത്താവ് ജഹാൻ ഷെയ്ഖ് സാമിയെയും മാർച്ചിലാണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രക്ഷോഭം നടന്ന ജാമിയ നഗറില്‍ നിന്നാണ് ദമ്പതികളെ പിടികൂടിയത്. പൗരത്വ പ്രക്ഷോഭത്തിനും, തീവ്രവാദ ആക്രമണത്തിനും യുവാക്കളെ പ്രേരിപ്പിച്ചതിനാണ് ഡൽഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഇവരെ അറസ്റ്റ് ചെയ്തത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ അന്വേഷിക്കുന്നുണ്ട്. മാർച്ച് 29ന് ജഹാൻ ഷെയ്ഖ് സാമിയെയും മറ്റൊരു ഐസിസ് പ്രവർത്തകനായ മുഹമ്മദ് അബ്ദുള്ള ബസിത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ ഇവർ ഭരണകൂടത്തിനെതിരെ മുസ്ലീംങ്ങളെ അക്രമാസക്തമായി പോരാട്ടം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനായി സോഷ്യൽ മീഡിയയിൽ വിവിധ അജ്ഞാത ഐഡികൾ ഉണ്ടാക്കിയിരുന്നു.