ചെന്നൈ: തമിഴ് സീരിയൽ താരങ്ങളായ സഹോദരങ്ങൾ ചെന്നൈയിലെ വീട്ടിൽ മരിച്ചനിലയിൽ. കൊടുങ്ങയ്യൂർ മുത്തമിഴ് നഗറിൽ താമസിക്കുന്ന ശ്രീധർ (50), ജയകല്യാണി (45) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ലോക്ക്ഡൗൺ മൂലം സീരിയൽ ചിത്രീകരണങ്ങൾ നിറുത്തിവച്ചിരിക്കുന്നതിനാൽ വരുമാനമില്ലാതെ ഇരുവരും ബുദ്ധിമുട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. നിയന്ത്രണങ്ങളോടെ ചില സീരിയലുകൾ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവർക്കും അവസരം ലഭിച്ചിരുന്നില്ല. ഇരുവരും അവിവാഹിതരാണ്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന്, പൊലീസെത്തി വാതിൽ തകർത്ത് വീടിനുള്ളിൽ കയറിയപ്പോഴാണ് രണ്ടുമുറികളിലായി മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സ്റ്റാൻലി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.