ബംഗളുരു: കന്നഡ യുവനായക നടന്മാരിൽ ശ്രദ്ധേയനും നടി മേഘ്‌നരാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജ (39) ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞദിവസം ശക്തമായ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിന തുടർന്ന് ചിരഞ്ജീവിയെ ജയനഗറിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഹൃദയാഘാതമുണ്ടായി. ഡോക്ടർമാർശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗകാരണം വ്യക്തമല്ല. സ്രവങ്ങൾ കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ചിരഞ്ജീവി സിനിമയിലേക്കെത്തുന്നത്. വിഖ്യാത കന്നഡ നടനായിരുന്ന ശക്തി പ്രസാദിന്റെ കൊച്ചു മകനും തമിഴ് സൂപ്പർ താരം അർജുൻ സർജയുടെ അനന്തിരവനും കന്നഡ യുവതാരം ധ്രുവ് സർജയുടെ ജ്യേഷ്ഠനുമാണ് ചിരഞ്ജീവി.
2009ൽ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സിനിമ ലോകത്തെ നിറസാന്നിദ്ധ്യമായി മാറുന്നത്. അതിഭാവുകത്വം കലരാത്ത അഭിനയം കൊണ്ട് അദ്ദേഹം കന്നഡ സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറി. 'ചിരു" എന്നാണ് ആരാധകരും പ്രിയപ്പെട്ടവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. അജിത്, ആട്ടഗാര, രുദ്രതാണ്ഡവ, അമ്മ ഐ ലവ് യൂ, വർദ്ധനനായക, അജിത് എന്നിങ്ങനെ ഇരുപതിലധികം ചിത്രങ്ങളിൽ നായകനായിരുന്നു. ശിവാർജുനയാണ് അവസാന ചിത്രം. നാല് ചിത്രങ്ങൾ പൂർത്തിയാകാനുണ്ട്.
ആട്ടഗാര എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് മേഘ്നയും ചിരഞ്ജീവിയും തമ്മിൽ പ്രണയത്തിലാകുന്നത്. 2018ൽ ഇരുവരും വിവാഹിതരായി.