ലോസാഞ്ചൽസ്: കറുത്തവർഗക്കാരെ അധിക്ഷേപിച്ച് ഭാര്യ പോസ്റ്രിട്ടത് വിവാദമായതോടെ സെർബിയൻ ഫുട്ബാൾ താരം അലക്സാണ്ടർ കട്ടായിയുമായുള്ള കരാർ അമേരിക്കൽ മേജർ സോക്കർ ലീഗ് ക്ലബ് ലോസാഞ്ചൽസ് ഗാലക്സി റദ്ദാക്കി. ഇൻസ്റ്രഗ്രാം അക്കൗണ്ടിലാണ് അലക്സാണ്ടർ കട്ടായ്‌യുടെ ഭാര്യ ടിയ കട്ടായി വംശീയാധിക്ഷേപവും വർഗീയ വിദ്വേഷവും ഉണ്ടാക്കുന്ന പോസ്റ്രിട്ടത്. അമേരിക്കൻ പൊലീസിന്റെ പീഡനത്തെ തുടർന്ന് കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളെ പരിഹസിച്ചായിരുന്നു ടിയയുടെ പോസ്റ്റ്. വിദ്വേഷ സ്വഭാവമുള്ള രണ്ടു പോസ്റ്രുകളാണ് ടിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ന്യൂയോർക്കിൽ പ്രതിഷേധക്കാർക്കെതിരെ നീങ്ങുന്ന പൊലീസ് വാഹനത്തിന്റെ ചിത്രത്തിന് താഴെ അവരെ കൊന്നുകളയൂ എന്നർത്ഥം വരുന്ന മോശം വാക്കുകൾ ഉപയോഗിച്ചുള്ള പോസ്റ്രായിരുന്നു ഒന്ന്. മറ്രൊരു പോസ്റ്രിൽ നൈക്കിയുടെ ഷൂകവറുമായി ഓടിപ്പോകുന്ന കറുത്ത വർഗക്കാരിയായ യുവതിയുടെ ഫോട്ടോയ്ക്ക് ബ്ലാക്ക് ലീവ്‌സ് മാറ്രർ എന്ന കാമ്പയിനെ പരിഹസിച്ച് ബ്ലാക്ക് നൈക്ക് മാറ്രർ എന്നായിരുന്നു ക്യാപ്ഷൻ. വലിയ തോതിലുള്ള വിമർശനമായിരുന്നു ഈ പോസ്‌റ്രുകൾക്കെതിരെ ഉയർന്നത്.
ഈ പോസ്റ്റുകൾ തങ്ങളുടെ നയമല്ലെന്ന് അറിയിച്ച് ഉടൻ തന്നെ ഗാലക്സി ക്ലബ് അധികൃതർ രംഗത്തെത്തുകയും ചെയ്തു. അലക്സാണ്ടർ കട്ടായ്‌യുമായുള്ള കരാർ റദ്ദാക്കുകയാണെന്ന് പിന്നാലെ ക്ലബ് അധികൃതർ അറിയിച്ചു. പരസ്പര ധാരണയോടെ അലക്സാണ്ടർ കട്ടായിയുമായുള്ള കരാർ അവസാനിപ്പിക്കുകയാണെന്നാണ് ഗാലക്സി അഞ്ചാം തിയതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. ഭാര്യയുടെ നിലപാടിനെ അലക്‌സാണ്ടർ കട്ടായിയും തള്ളിക്കളഞ്ഞിരുന്നു.
29കാരനായ കട്ടായി സെർബിയൻ ദേശീയ ടീമിനായി 9 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ് അലാവ്സിൽ കളിച്ചിട്ടുള്ള കട്ടായി അമേരിക്കൻ ക്ലബ് ചിക്കാഗോ ഫയറിനായും ബൂട്ടുകെട്ടിയിട്ടുണ്ട്. ഈ വർഷമാണ് ലാ ഗാലക്സിയിൽ എത്തിയത്.
ആ പോസ്റ്രുകൾ എന്റെയും കുടുംബത്തിന്റെയും നയമല്ല. ഇതെന്റെ കുടുംബത്തിൽ നിന്നുണ്ടായ പിഴവാണ്. അതിനാൽ തന്നെ അതിന്റെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്രെടുക്കുന്നു. ഈ തെറ്റിൽ നിന്ന് വലിയ പാഠം പഠിച്ചു. കറുത്ത വർഗക്കാരെ മനസിലാക്കാനും അവരെ കേൾക്കാനും പിന്തുണയ്ക്കാനും ശ്രമിക്കും. ഇത് മൂലം ബുദ്ധിമുട്ടുണ്ടായ എല്ലാവരോടും ലോസാഞ്ചൽസ് ഗാലക്സിയോടും മാപ്പ് ചോദിക്കുന്നു.
അലക്സാണ്ടർ കട്ടായി
ടിയ കട്ടായിയുടെ പോസ്റ്രുകളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അവ ഉടൻ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എല്ലാത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങൾക്കും ക്ലബ് എതിരാണ്. സമത്വത്തിനായി പോരാടുന്നവർക്കൊപ്പമാണ് ഞങ്ങൾ.
ലോസാഞ്ചൽസ് ഗാലക്സി ക്ലബ്