himachal-cow

പാലക്കാട്: മണ്ണാർക്കാട്ട് ആന കൊല്ലപ്പെട്ട സംഭവം ദേശീയ തലത്തിൽതന്നെ ചർച്ചയായപ്പോൾ ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ സ്ഫോടകവസ്തു ഭക്ഷിച്ച് പശുവിന്റെ താടി തകർന്ന സംഭവത്തിൽ ചിലർ മൗനം പാലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്.

ആന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച ബി.ജെ.പി നേതാവ് മനേകാ ഗാന്ധിയും 'ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് ക്ളാസെടുത്ത' കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും ഈ വിഷയത്തെക്കുറിച്ച് മിണ്ടാത്തതെന്തെന്നും രാജേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. പശുവിന് മനപ്പൂർവം സ്‌ഫോടകവസ്തു നൽകി അതിനെ അപായപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ മൗനമെന്നും എം.ബി രാജേഷ് വ്യക്തമാക്കുന്നു.

അതേസമയം പശുവിന്റെ താടി തകർത്ത സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. 'ജസ്റ്റിസ് ഫോർ നന്ദിനി' എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററിൽ വിഷയം ചർച്ച ചെയ്യപ്പെടുന്നത്. കൗതുകകരമായ കാര്യം, പൊതുവെ ട്വിറ്ററിനെ അത്ര ഗൗനിക്കാതെ മലയാളികളും വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ടെന്നുള്ളതാണ്.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ദാരുണമായ സംഭവമാണ് ഹിമാചൽ പ്രദേശിലെ സംഭവം. സ്ഫോടകവസ്തു തീറ്റിച്ചതാണ്. ബോധപൂർവ്വം.മണ്ണാർക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗർഭിണിയാണ്.

പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനകക്ക് അറിയേണ്ട. കുറ്റവാളിയുടെ മതം ആരും അന്വോഷിക്കുന്നില്ല.ഇന്ത്യൻ സംസ്ക്കാരത്തെക്കുറിച്ച് ക്ലാസെടുത്ത പരിസ്ഥിതി മന്ത്രി ജാവദേക്കർ ഒരക്ഷരം ഉരിയാടിയിട്ടില്ല. റിപ്പോർട്ട് തേടിയിട്ടില്ല. ചാനൽ മൈക്കിനു മുമ്പിൽ തല നീട്ടിയില്ല. ടിവിയിൽ രാമായണം ആസ്വദിക്കുകയായിരിക്കും.

അദ്ദേഹം തിരുവായ തുറക്കാത്തതിനർത്ഥം ഇതാണ് ഇന്ത്യൻ സംസ്കാരം എന്നായിരിക്കുമോ?ഗോ രക്ഷകരെ മഷിയിട്ടു നോക്കിയിട്ടും കാണുന്നില്ല. ദേശീയ മാദ്ധ്യമങ്ങളിലെ പ്രൈം ടൈം ആങ്കർമാരുടെ അലർച്ചയും അലമുറയും കേൾക്കുന്നില്ല. ഒറ്റ ദിവസം കൊണ്ട് മൃഗ സ്നേഹികളായ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികൾ 48 മണിക്കൂറിനുള്ളിൽ മൃഗ സ്നേഹം ചവറ്റുകൊട്ടയിലെറിഞ്ഞ് അപ്രത്യക്ഷരായി.

ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമളയിൽ പറഞ്ഞ പോലെ അവരുടെ മൃഗസ്നേഹം സീസണലാണോ? സ്നേഹമില്ലാഞ്ഞിട്ടാവില്ല. ഇൻകം ടാക്സുകാരും ഇ ഡിക്കാരും വീട്ടിൽ വന്ന് വല്ല കൊറോണയും തന്നിട്ട് പോയാലോ എന്ന് പേടിച്ചിട്ടായിരിക്കാനേ വഴിയുള്ളൂ. സംഘികളാണെങ്കിൽ മുഖത്തെ മാസ്ക്ക് മാറ്റാൻ പറ്റാത്തതു കൊണ്ട് മാത്രം മിണ്ടാതിരിക്കുകയാണ്. സാരമില്ല. കേരളത്തിൽ കാള പെറ്റെന്ന് പറഞ്ഞു നോക്കു.കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി.'