കൊച്ചി: മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. കേരളത്തിൽ (തിരുവനന്തപുരം) പെട്രോളിന് 61 പൈസ വർദ്ധിച്ച് വില 73.60 രൂപയായി. ഡീസൽ വില 0.57 പൈസ ഉയർന്ന് 67.76 രൂപയിലുമെത്തി.
മാർച്ച് 16ന് ശേഷം ഇപ്പോഴാണ് കമ്പനികൾ വില കൂട്ടുന്നത്. മൂല്യവർദ്ധിത നികുതി (വാറ്ര്) വർദ്ധിപ്പിച്ചതിനാൽ ഡൽഹി ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ലോക്ക് ഡൗണിനിടെ വില കൂട്ടിയിരുന്നു.
കഴിഞ്ഞമാസം കേന്ദ്രം പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയും ഉയർത്തിയിരുന്നു. ഇന്ത്യ വാങ്ങുന്ന അസംസ്കൃത ക്രൂഡോയിൽ വില ബാരലിന് 20 ഡോളറിന് താഴേക്ക് നീങ്ങിയ സാഹചര്യത്തിലായിരുന്നു ഇത്. ഈ നികുതി ബാദ്ധ്യത, എണ്ണക്കമ്പനികൾ വഹിക്കുന്നതിനാൽ ചില്ലറ വിലയിൽ മാറ്റമുണ്ടായില്ല. എന്നാൽ, അർഹമായ വിലക്കുറവ് ഉപഭോക്താവിന് ലഭിക്കാതെപോയി.