കൊച്ചി: ഉത്‌പാദനം വെട്ടിക്കുറച്ച് ക്രൂഡോയിൽ വിലയെ മേലോട്ട് നയിക്കാൻ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ തീരുമാനം. സൗദി അറേബ്യ നയിക്കുന്ന ഒപെക് രാഷ്‌ട്രങ്ങളിലെയും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര രാജ്യങ്ങളിലെയും പെട്രോളിയം മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ജൂലായ് വരെ ഉത്‌പാദനത്തിൽ പ്രതിദിനം 97 ലക്ഷം ബാരൽ വരെ കുറയ്ക്കാൻ തീരുമാനിച്ചത്.
തീരുമാനം നടപ്പായാൽ, ഇന്ത്യ ഉൾപ്പെടെയുള്ള ഉപഭോഗ രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ, എൽ.പി.ജി വില കുത്തനെ കൂടും. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഈമാസം വരെ ഉത്‌പാദനം കുറയ്ക്കാനായിരുന്നു ആദ്യ തീരുമാനം. ഇതു സംബന്ധിച്ച് ഏറ്റവും വലിയ കയറ്റുമതിക്കാരായ സൗദിയും റഷ്യയും തമ്മിൽ നേരത്തേ ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ഉത്‌പാദനം കുറച്ചാൽ, വിപണിവിഹിതം കുറയുമെന്ന ഭയംമൂലം റഷ്യ ഉടക്കിടുകയായിരുന്നു. തുടർന്ന്, സൗദി ഉത്‌പാദനം വർദ്ധിപ്പിച്ചതിനാലും കൊവിഡ്ഭീതിയും ആഗോളലോക്ക്ഡൗണും മൂലവും വില കുത്തനെ ഇടിഞ്ഞു. ക്രൂഡ് വില അമേരിക്കയിൽ നെഗറ്രീവിലേക്ക് വീണു. ബ്രെന്റ് ക്രൂഡ് വില ദശാബ്‌ദത്തിൽ ആദ്യമായി 20 ഡോളറിന് താഴേക്കും എത്തി.
ഇന്ത്യയും ചൈനയും യൂറോപ്പും അമേരിക്കയും ഉൾപ്പെടെ പ്രമുഖ ഉപഭോഗ രാജ്യങ്ങൾ ലോക്ക്ഡൗൺ പിൻവലിച്ചു തുടങ്ങിയ പശ്‌ചാത്തലത്തിൽ, ഡിമാൻഡ് ഏറിവരുന്നത് കണക്കാക്കിയാണ്, ഉത്‌പാദനം വെട്ടിക്കുറയ്ക്കാനുള്ള തന്ത്രപരമായ തീരുമാനം. ജൂലായ്ക്ക് ശേഷം ഡിസംബർ വരെ ഉത്‌പാദനത്തിൽ പ്രതിദിനം 77 ലക്ഷം ബാരൽ വീതവും കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഉത്‌പാദന വർദ്ധനമൂലം കഴിഞ്ഞമാസങ്ങളിൽ ക്രൂഡോയിൽ വില കനത്ത തളർച്ച നേരിട്ടിരുന്നു. ഇറാക്ക് പ്രദിതിനം 5.20 ലക്ഷം ബാരലാണ് അധികമായി ഉത്‌പാദിപ്പിച്ചത്. നൈജീരിയ 1.20 ലക്ഷം, അംഗോള 1.30 ലക്ഷം, കസാക്കിസ്ഥാൻ 1.80 ലക്ഷം, റഷ്യ ഒരുലക്ഷം എന്നിങ്ങനെ ബാരലും അധികം ഉത്‌പാദിപ്പിച്ചു.
ആദ്യ ലക്ഷ്യം
ബാരലിന് $50
കഴിഞ്ഞമാസങ്ങളിൽ ബാരലിന് 20 ഡോളറിന് താഴേക്കുവീണ ക്രൂഡ് വില, ഉത്‌പാദനം വെട്ടിക്കുറയ്ക്കുമെന്ന സൂചനകളെ തുടർന്ന് ഇപ്പോൾ കുതിപ്പിന്റെ ട്രാക്കിലാണ്. ക്രൂഡ് വില കഴിഞ്ഞവാരം ബാരലിന് 39.55 ഡോളറാണ്. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില 42.30 ഡോളറിലുമെത്തി. ബാരലിന് ഈവർഷം വില 50 ഡോളറിൽ എത്തിക്കുകയാണ് ഒപെക്കിന്റെ ലക്ഷ്യം.
$38.60
ഇന്ത്യ ബ്രെന്റ് ക്രൂഡ് വാങ്ങുന്നത് ഇപ്പോൾ ബാരലിന് 38.60 ഡോളറിനാണ്. മേയ് എട്ടിന് വില 26 ഡോളറായിരുന്നു.