vaccine-

ലണ്ടൻ: കൊവിഡ്​ 19 വൈറസിനെതിരെ വാക്സിൻ നിർമ്മിക്കാനുള്ള ഗവേഷണങ്ങൾ എല്ലാ രാജ്യങ്ങളിലും തീവ്രമായി പുരോഗമിക്കുകയാണ്. വാക്സിൻ നിർമ്മാണത്തിന് ഒരു വർഷം വരെ എടുക്കുമെന്ന് ഗവേഷകർ പറയുന്നുണ്ടെങ്കിലും ആറുമാസത്തിനകം മരുന്ന് ലഭ്യമാക്കുമെന്ന് അമേരിക്കയും ചൈനയും അവകാശപ്പെട്ടിരുന്നു. റഷ്യയിലും ഇന്ത്യയിലും വാക്സിൻ നിർമ്മാണത്തിനുള്ള ഗവേഷണങ്ങൾ അവസാനഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെ കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിൻ സെപ്തംബറിൽ പുറത്തിറക്കുമെന്ന് അവകാശവാദവുമായി ബ്രിട്ടീഷ് മരുന്ന്​ നിർമാണ കമ്പനിയായ ആസ്ട്രസെനാക്ക. ഓക്​സ്​ഫോർഡ്​ യൂണിവേഴ്​സിറ്റിയുമായി ചേർന്നാണ്​ ആസ്ട്രസെനാക്ക വാക്​സിൻ നിർമിക്കുന്നത്​. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ മനുഷ്യരിൽ വാക്സിൻ പരീക്ഷണം നേരത്തെ ആരംഭിച്ചിരുന്നു.

സെപ്തംബര്‍ മാസത്തോടെ 200 കോടിയോളം ഡോസ് വാക്‌സിൻ തയ്യാറാക്കാമെന്ന പ്രതീക്ഷയിലാണ്​​ ആസ്ട്രസെനാക്ക അധികൃതർ. അതേസമയം വിതരണത്തിന്​ തയ്യാറായി 20 ലക്ഷം വാക്​സിൻ ഡോസ്​ നിർമിച്ചതായി അമേരിക്കയും അവകാശപ്പെടുന്നുണ്ട്​.

ഇതുവരെ ഞങ്ങൾ ശരിയായ ട്രാക്കിലാണ്​ ഓടുന്നത്​. ഇപ്പോൾ തന്നെ ഞങ്ങൾ വാക്​സിൻ നിർമാണം ആരംഭിക്കുകയാണ്​. പരിശോധന ഫലങ്ങൾ‌ ലഭിക്കുമ്പോഴേക്കും അവ ഉപയോഗത്തിന്​‌ തയ്യാറായിരിക്കണം. -ആസ്ട്രസെനാക്ക ചീഫ്​ എക്​സിക്യൂട്ടീവ്​ പാസ്​കൽ സോറിയോട്ട്​ ബി.ബി.സിയോട്​ പറഞ്ഞു.

ഓഗസ്റ്റ് മാസത്തോടെ ഡാറ്റ ലഭിക്കുമെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ധാരണ. സെപ്​റ്റംബറോടെ ഞങ്ങൾക്ക്​ ഫലപ്രദമായ വാക്സിൻ പുറത്തിറക്കാനാകുമെന്നും അവർ വ്യക്തമാക്കി.​