ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അശ്ലീല കമന്‍റിട്ട ആള്‍ക്ക് ചുട്ടമറുപടിയുമായി നടി അപര്‍ണ നായര്‍. തന്‍റെ അഭ്യുദയകാംക്ഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഫേസ്‌ബുക്ക് പേജ് കൊണ്ട് താന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതെന്നും അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതിനല്ലെന്നും അപര്‍ണ കുറിച്ചു.
താരം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പുതിയ ചിത്രത്തിന് താഴെയാണ് തിരുവനന്തപുരം സ്വദേശിയായ അജിത്കുമാർ എന്നയാൾ അശ്ലീല കമന്റ് കുറിച്ചത്. ഇയാളുടെ ചിത്രങ്ങളും കമന്റിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു അപര്‍ണയുടെ മറുപടി.. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്‍പ്പനിക ലോകത്തേക്ക് തന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി. വികലമായ നീക്കം കണ്ട് ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റിയെന്നും ഇതിനെതിരെ മൗനം പാലിക്കില്ലെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.
അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റ് :
എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.
ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി. അജിത് കുമാർ,
നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.
ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !