sonu-sood

മുംബയ്: വിവിധ മാർഗങ്ങളിലൂടെ നൂറോളം തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് തിരികെയെത്തിച്ച നടൻ സോനു സൂദിനെതിരെ തിരിഞ്ഞ് മഹാരാഷ്ട്ര ഭരണം കൈയ്യാളുന്ന ശിവസേന. ബി.ജെ.പിയുടെ മുഖമാണ് സോനുവെന്നും പാർട്ടിക്ക് വേണ്ടി അയാൾ പ്രചാരണം നടത്തുകയാണെന്നുമാണ് ശിവസേന ആരോപിക്കുന്നത്.

ശിവസേനയുടെ പത്രമായ സാമ്നയിലെ തന്റെ ഞായറാഴ്ച കോളത്തിലൂടെ ശിവസേന നേതാവ് സഞ്ജയ് റാവത്താണ് സോനു സൂദിനെതിരെ വിമർശനം നടത്തിയത്. സോനുവിന്റെ പ്രവർത്തനത്തിന് പിന്നിൽ വലിയ രാഷ്ട്രീയ താത്പര്യം പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാരിനെ കരിവാരിതേക്കാൻ ബി.ജെ.പി നടനെ ഉപയോഗിക്കുകയാണെന്നും സഞ്ജയ് റാവത്ത് പറയുന്നു.

സിനിമാരംഗത്തുള്ള മറ്റുള്ളവർ ലോക്ക്ഡൗൺ സമയത്ത് സംസ്ഥാനങ്ങളിൽ കുടുങ്ങിപോയവർക്കായി കാര്യമായി ഒന്നും ചെയ്യാതിരുന്ന വേളയിൽ സോനു സൂദിന്റെ പ്രവർത്തനങ്ങൾ നിരവധി പേർക്ക് സഹായമായി മാറിയിരുന്നു.

അതേതുടർന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വരികയും ചെയ്തിരുന്നു. അടുത്തിടെ കേരളത്തിൽ കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനം വഴി അവരുടെ നാടായ ഒഡീഷയിലെ ഭുവനേശ്വറിലേക്ക് അദ്ദേഹം എത്തിച്ചതും വാർത്തയായിരുന്നു.