amit-shah

പാറ്റ്ന: 'ബിഹാർ ജനസംവാദ് റാലി'യിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വന്തം ജീവൻ പണയംവച്ച് കൊവിഡിനെതിരെ പൊരുതുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകരെ താൻ അഭിവാദനം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ നഴ്‌സുമാർ, ഡോക്ടർമാർ, പൊലീസുകാർ എന്നിവരെ താൻ അതിൽ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

'കൊറോണ യോദ്ധാക്കൾ' എന്നാണു ആരോഗ്യപ്രവർത്തകരെ അദ്ദേഹം സംബോധന ചെയ്‌തത്‌. രാജ്യത്തിന്റെ അതിർത്തികളിൽ ആർക്കുവേണമെങ്കിലും കടന്നുവന്ന് നമ്മുടെ സൈനികരെ വധിക്കാവുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നുവെന്നും എന്നാൽ ആ സമയത്ത് 'ഡൽഹിയിലെ ദർബാറിനു' കുഴപ്പമൊന്നുംസംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഉറിയും പുൽവാമയും സംഭവിച്ചപ്പോൾ അവിടെ മോദിയും ബി.ജെ.പി സർക്കാരുമായിരുന്നു. ഞങ്ങൾ അത് കൈകാര്യം ചെയ്തു. അമേരിക്കയും ഇസ്രയേലും കഴിഞ്ഞാൽ സ്വന്തം അതിർത്തികൾ കാക്കാൻ ശേഷിയുള്ള മറ്റൊരു രാജ്യമുണ്ടെങ്കിൽ അത് ഇന്ത്യയാണെന്ന് ലോകം മുഴുവനും ഇപ്പോൾ സമ്മതിക്കുന്നുണ്ട്. ' അദ്ദേഹം പറഞ്ഞു.

കുടിയേറ്റ തൊഴിലാളികൾക്കായി കേന്ദ്രം എല്ലാ സൗകര്യങ്ങളും ചെയ്തുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവർക്കായി മെയ് ഒന്നിന് ട്രെയിൻ സേവനങ്ങൾ ആരംഭിക്കും മുൻപേ തന്നെ ക്വറന്റീൻ സെന്ററുകൾ തയ്യാറാക്കപ്പെട്ടിരുന്നു. ട്രെയിനുകൾക്ക് 'ശ്രമിക് ട്രെയിനു'കൾ എന്ന് പേര് നൽകിയത് തൊഴിലാളികൾക്കുള്ള ആദരസൂചകമായിട്ടാണ്. ഷാ പറയുന്നു.

'1.25 കോടി കുടിയേറ്റ തൊഴിലാളികളെ മോദി സർക്കാർ സുരക്ഷിതമായി അവരുടെ നാടുകളിലേക്ക് എത്തിച്ചു.' അമിത് ഷാ പറഞ്ഞു. ഷായുടെ വെർച്വൽ റാലി ബിഹാറിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു. രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റാലിയയെന്നാണ് അദ്ദേഹം പറഞ്ഞത്.