monisha-
MONISHA

തിരുവനന്തപുരം: 1986ൽ മോനിഷയ്ക്ക് ദേശീയ അവാർഡ് ലഭിച്ചത് ജൂറിയിലെ ഏകകണ്ഠമായ തീരുമാനമായിരുന്നുവെന്ന് അന്ന് ജൂറിയംഗമായിരുന്ന സൂര്യ കൃഷ്ണമൂ‌ർത്തി. മോനിഷയ്ക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നൽകിയതെന്ന് തനിക്ക് മനസിലായില്ലെന്നും ചലനങ്ങളില്ലാത്ത മുഖമായിരുന്നു മോനിഷയുടേതെന്നും വിവരിച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ ശാരദക്കുട്ടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ചർച്ചയായതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലെ അഭിനയത്തിനാണ് മോനിഷയ്ക്ക് 15-ാം വയസിൽ ദേശീയ പുരസ്കാരം ലഭിച്ചത്. അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരിയെ കുറിച്ച് അവരുടെ മരണ ശേഷം വർഷങ്ങൾ കഴിഞ്ഞ് ഇങ്ങനെയൊന്നും എഴുതാൻ പാടില്ലെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. അവർ ജീവിച്ചിരുന്നപ്പോൾ എഴുതമായിരുന്നു. ഭീഷ്‌മ സാഹ്നിയായിരുന്നു അന്ന് ജൂറി ചെയർമാൻ. ജാനു ബറുവയെ പോലുള്ള പ്രമുഖർ ജൂറി അംഗങ്ങളായിരുന്നു. മോനിഷയെ കൂടാതെ പരിഗണിച്ചത് സീമാ ബിശ്വാസിന്റെ അഭിനയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.