covid-
COVID

തിരുവനന്തപുരം : കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ക്ഷേത്ര ദര്‍ശനം ഒഴിവാക്കണമെന്ന് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം മേല്‍ശാന്തി. തന്റേ ഫേസ്ബുക്ക് പേജിലൂടെയാണ് ക്ഷേത്രം മേല്‍ശാന്തി ത്രിവിക്രമന്‍ അടികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടര മാസമായി ഗുരുവായൂരപ്പനെ കാണാതെ ഉറക്കം വരാത്തവരോ കൊടുങ്ങല്ലൂരമ്മയെ കാണാതെ ഉറക്കം വരാത്തവരോ ഉള്ളതായി തോന്നുന്നില്ല. ധ്യാന ജപാദികള്‍ മൂലം ദേവതയെ മനസ്സില്‍ കാണാനുള്ള പ്രാപ്തി നേടണമെന്നാണ് ത്രിവിക്രമന്‍ കുറിച്ചത്.

ജൂണ്‍ 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ ഈ മഹാമാരി കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ എല്ലാ ഭക്തരും ജൂണ്‍ 30 വരെ ക്ഷേത്രദർശനം ഒഴിവാക്കി സ്വഗൃഹത്തിലിരുന്നു കൊണ്ട് ഇഷ്ടദേവതയെ മനസില്‍ കണ്ടുകൊണ്ട് പ്രാര്‍ത്ഥിക്കണമെന്ന് ഈ അവസരത്തില്‍ എല്ലാ ഭക്തരോടും അപേക്ഷിക്കുന്നതായി തന്ത്രി കുറിച്ചു. രോഗവ്യാപനം തടയുന്നതിനായി പാളയം പള്ളി അധികൃതർ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് തന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് ക്ഷേത്രത്തിലിരുന്നപ്പോള്‍ സമൂഹത്തെക്കുറിച്ചു മനസ്സില്‍ തോന്നിയ ചില ചിന്തകളാണ് ഈ പോസ്റ്റിന് ആധാരം..
വളരെ ധൃതി പിടിച്ചു കൊണ്ട് ആരാധനാല യങ്ങള്‍ തുറക്കുന്നത് കൊണ്ടുള്ള വിപത്തുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.
ഭക്തര്‍ക്ക് ക്ഷേത്രദര്ശനം കഴിയുമ്ബോള്‍ ശാന്തിയും സമാധാനവും ലഭ്യമാകണം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേക നിയന്ത്രഞങ്ങള്‍ പാലിച്ചു കൊണ്ടുള്ള ദര്ശനക്രമമാകുമ്ബോള്‍ അതു ലഭ്യമാകുമോ എന്ന് പരിശോധിക്കേന്ടിയിരിക്കുന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ദര്ശനമൊക്കെ എത്ര കണ്ടു പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഇതൊക്കെയായാലും ഭക്തന് അല്പം പോലും തീര്‍ത്ഥവും പ്രസാദവും ലഭിക്കില്ല.
പിന്നെ ഭണ്ഡാരസമര്‍പ്പണമോ,കൊടിമരം സ്വര്‍ണം പൂശലോ, വാതില്‍മാടം സ്വര്‍ണം പൊതിയാലോ ഒന്നുമല്ല ഈശ്വരനിലേക്കെത്താനുള്ള മാര്‍ഗ്ഗം എന്നറിയുക.
പ്രാര്‍ത്ഥനക്കൊപ്പം മാനവസേവയും ചെയ്യണം.
രണ്ടര മാസമായി ഗുരുവായൂരപ്പനെ കാണാതെ ഉറക്കം വരാത്തവരോ കൊടുങ്ങല്ലൂരമ്മയെ കാണാതെ ഉറക്കം വരാ ത്തവരോ ഉള്ളതായി തോന്നുന്നില്ല.
ധ്യാന ജപാദികള്‍ മൂലം ദേവതയെ മനസ്സില്‍ കാണുവാനുള്ള പ്രാപ്തി നേടണം.
ഇപ്പോഴുള്ള ഈ പ്രവര്‍ത്തി മഴക്കാറ് കണ്ടപ്പോള്‍ കുട നിവര്‍ത്തിപിടിച്ചു പെരുമഴ പെയ്തപ്പോള്‍ കുട മടക്കിയ പോലെയാകും.
മഹാക്ഷേത്രങ്ങളിലെല്ലാം ഏതെങ്കിലും വിധത്തില്‍ കോവിഡബാധ വന്നാല്‍ ക്ഷേത്രങ്ങള്‍ അടച്ചിട്ടു പൂജാദികര്‍മങ്ങള്‍ക്ക്‌ തടസ്സങ്ങള്‍ നേരിട്ടാല്‍ നാടിനു തന്നെ വിപത്തായി തീരും.
ജൂണ്‍ 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ ഈ മഹാമാരി കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആയതിനാല്‍ എല്ലാ ഭക്തരും ജൂണ്‍ 30 വരെ ക്ഷേത്രദര്ശനം ഒഴിവാക്കി സ്വഗൃഹത്തിലിരുന്നു കൊണ്ട് ഇഷ്ടദേവതയെ മനസ്സില്‍ കണ്ടുകൊണ്ട് പ്രാര്‍ത്ഥിക്കണമെന്ന് ഈ അവസരത്തില്‍ എല്ലാ ഭക്തരോടും അപേക്ഷിക്കുന്നു.
ഇത്രയും ദിവസങ്ങളില്‍ ഞങ്ങളെല്ലാം ഭക്തന്മാരില്ലാതെയും വരുമാനമില്ലാതെയും മുടങ്ങാതെ ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ ചിട്ടയോടെ നിര്‍വഹിച്ചു നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി അതായതു ലോകക്ഷേമത്തിനായി പ്രാര്ഥിക്കുന്നുണ്ട്.

ഈ അവസരത്തില്‍ രോഗവ്യാപനം തടയുന്നതിനായി പാളയം പള്ളി അധികാരികള്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്.
ലോകംബികയായ കൊടുങ്ങല്ലൂരമ്മ എല്ലാവരെയും ഈ മഹാമാരിയില്‍ നിന്നും രക്ഷിക്കുമാറാകട്ടെ..
ദേവീചരണങ്ങളില്‍..
പ്രാര്‍ത്ഥനയോടെ,
അഡ്വ.ത്രിവിക്രമനടികള്‍.
പാരമ്ബര്യ മേല്‍ശാന്തി.
കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം