kerala-police

തിരുവനന്തപുരം: പുതിയ ആപ്പിന് വ്യത്യസ്തമായ പേരിട്ട് കേരള പൊലീസ്. പേര് നിർദേശിക്കണമെന്ന പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അഭ്യർത്ഥനയോടു നിരവധി പേർ പ്രതികരിച്ചിരുന്നു. എന്നാൽ കൂട്ടത്തിൽ പൊലീസിന്റെ നിർദേശത്തെ ട്രോളിക്കൊണ്ട് 'ശ്രീനാഥ്' എന്നൊരാളും പോസ്റ്റിട്ടിരുന്നു. ആപ്പിന് 'പൊല്ലാപ്പ്' എന്ന പേര് നൽകാം എന്നതായിരുന്നു ശ്രീനാഥിന്റെ നിർദേശം. 'പൊലീസി'ന്റെ 'പൊ'യും ആപ്പിന്റെ 'ആപ്പും' അതായിരുന്നു ഈ രസികന്റെ ലോജിക്ക്. ഒരുപക്ഷെ ശ്രീനാഥ് അറിഞ്ഞില്ല, തന്നെക്കാൾ വലിയ ട്രോളൻമാരാണ് പൊലീസുകാരെന്ന്. രസകരമായ ഈ പേര് തന്നെ പൊലീസുകാർ ഒടുവിൽ തിരഞ്ഞെടുക്കുകയായിരുന്നു.

പൊല്ലാപ്പല്ല; "POL-APP" എന്നാണ് ആപ്പിന്റെ പേരെന്നും പൊലീസുകാർ ഈ വിവരം അറിയിച്ചുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല പേർ നിർദേശിച്ചതിനു ശ്രീനാഥിന് പൊലീസ് മേധാവി ഉപഹാരം നൽകുമെന്നും പൊലീസുകാർ പറയുന്നുണ്ട്. 2020 ജൂൺ 10ന് ഓൺലൈൻ റിലീസിങിലൂടെയാണ് ആപ്പ് ഉദ്ഘാടനം ചെയ്യുക.

പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്‌ഐ‌ആർ ഡോൺലോഡ്, പോലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, വെബ്‌സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.